വടകര: കേരളത്തിൽ രണ്ടു വർഷം കൊണ്ട് 25 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു എന്നതാണ് പിണറായി സർക്കാരിന്റെ രണ്ടു വർഷത്തെ ഭരണ നേട്ടമെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു. ഭരിക്കുന്ന പാർട്ടി തന്നെ ആയുധം കൈയ്യിലെടുത്ത് കൊലയാളികളായി മാറിയ സാഹചര്യത്തിൽ രാഷ്ടീയ കൊലപാതകം അവസാനിപ്പിക്കാൻ കഴിയില്ല.
മാഹിയിലെ രണ്ടു കൊലപാതകങ്ങൾ ഇതാണ് തെളിയിക്കുന്നത്. കൊലയാളി സംഘങ്ങൾക്ക് പൊലീസ് ഒത്താശ ചെയ്യുകയാണ്. ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതികൾക്ക് വീരപരിവേഷം നൽകുക വഴി ക്രിമിനലുകൾക്ക് കൊലപാതകം ചെയ്യാനുള്ള ആത്മബലം പകർന്ന് നൽകുകയാണ് സർക്കാർ.
കൊലയാളി സംഘങ്ങൾക്ക് അഴിഞ്ഞാടാൻ പൊലീസിന്റെ കയ്യും കാലും കെട്ടിയിരിക്കുകയാണ്. പോലീസിനെ രാഷ്ട്രീയവൽക്കരിച്ച് സ്വതന്ത്രസ്വഭാവം നഷ്ടപ്പെട്ടതിനാൽ ജനങ്ങൾക്ക് സേനയിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. മാഹി കൊലപാതകങ്ങളിലെ യാഥാർഥ പ്രതികളെയും ഗൂഢാലോചനക്കാരെയും പുറത്തു കൊണ്ടുവരാൻ പൊലീസിന് പൂർണ സ്വാതന്ത്ര്യം നൽകണമെന്നും വേണു പ്രസ്താവനയിൽ പറഞ്ഞു.