വടകര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയതും ധന ശ്രോതസ്സും കളങ്കിത വ്യവസായ ശൃംഖലയുമായുള്ള ബന്ധവും സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു ആവശ്യപ്പെട്ടു. ഭരണരാഷ്ട്രീയ രംഗത്തെ ഉന്നത സ്വാധീനത്തിന്റെ മറവിൽ വൻ വ്യവസായികളുമായി ബന്ധം സ്ഥാപിക്കുകയും അവരുടെ ബിനാമി ഇടപാടുകളിലൂടെ കോടികൾ സമാഹരിക്കുകയും ചെയ്തിരിക്കുകയാണ്.
പാവപ്പെട്ടവന്റെ പേരു പറഞ്ഞ് രാഷ്ട്രീയം കളിക്കുന്ന ഇവർ ആഡംബര ജീവിതമാണ് നയിക്കുന്നത്. ദുബായി കന്പനിയിൽ നിന്നു കോടികൾ തട്ടിയ കേസ് തട്ടിപ്പിന്റെ ചെറിയ ഭാഗം മാത്രമാണ്. ഭരണരാഷ്ട്രീയ നേതൃത്വത്തിന്റെ തണലിൽ ഇവർ സന്പാദിച്ച കള്ളപ്പണം സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും ഒത്തു തീർപ്പ് ശ്രമങ്ങളെ ചെറുക്കണമെന്നും വേണു പ്രസ്താവനയിൽ പറഞ്ഞു.