എം.സുരേഷ്ബാബു
കാർഷിക സംസ്കാരത്തിന്റെ മഹിമ വിളിച്ചോതി കേരളത്തിലെ കലാവേദികളിലും ഉത്സവവേദികളിലും ഏറെ ശ്രദ്ധേയമായി മാറിയ കലാരൂപമാണ് നാടൻ പാട്ടുകൾ. ഇപ്പോൾ സാങ്കേതിക വിദ്യയുടെ സഹായവും നാടൻ പാട്ടുകളുടെ അവതരണത്തിനു മിഴിവേകുന്നു.
മൂന്നു പതിറ്റാണ്ടിന്റെ കലാപാരന്പര്യമുള്ള നാടൻ പാട്ട് കലാകാരനാണ് മനോജ് പുന്നപ്ര. കുട്ടനാട് കണ്ണകി എന്ന പേരിൽ സ്വന്തമായി നാടൻപാട്ട് സമിതി ആരംഭിച്ച് നല്ല നിലയിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ച് വന്നിരുന്ന മനോജിന്റെയും സഹപ്രവർത്തകരുടെയും ജീവിതങ്ങൾക്കു മേൽ കോവിഡ് മഹാമാരി കരിനിഴൽ വീഴ്ത്തുകയായിരുന്നു.
ലോക്ക്ഡൗണ് ആരംഭിക്കുന്നതിന് മുന്പുള്ള ഉത്സവ സീസണിൽ 47 പ്രോഗ്രാമുകളാണ് മുടങ്ങിയത്. ബുക്കിംഗ് നടത്തിയ പലരും അഡ്വാൻസ് തുക മടക്കി ചോദിച്ചു. കഴിഞ്ഞ രണ്ട ു വർഷക്കാലമായി മനോജിന്റെയും കുടുംബത്തിന്റെയും ജീവിതം വളരെ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. അമ്മയും ഭാര്യയും രണ്ട ് പെണ്മക്കളും അടങ്ങുന്ന കുടുംബത്തിലെ അത്താണിയാണ് മനോജ്.
നാടൻ പാട്ടുസമിതി
മിമിക്രി കലാകാരനായും നാടൻപാട്ട് കലാകാരനായും കേരളത്തിലെ പ്രമുഖ ട്രൂപ്പുകളിൽ പ്രോഗ്രാം അവതരിപ്പിച്ചിരുന്ന മനോജ് ആറുവർഷം മുന്പാണ് സ്വന്തമായി ഒരു നാടൻപാട്ട് സമിതി ആരംഭിച്ചത്. കാലക്രമേണ പ്രോഗ്രാമുകൾ കുടുതൽ ജനപ്രിയമായി മാറി.
പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു ദൃശ്യപ്പൊലിമയോടെ പ്രോഗ്രാമുകൾ അവതരിപ്പിച്ചു തുടങ്ങിയതോടെ ചെലവ് കൂടി. പ്രോഗ്രാമിന് വേണ്ട ലൈറ്റ്, സൗണ്ട്, കട്ടൗട്ടുകൾ, എൽഇഡി വാൾ മുതലായവ വാങ്ങാൻ വലിയൊരു തുക ചെലവായി. വീടിന്റെ പ്രമാണം പണയം വച്ചും കടം വാങ്ങിയും പ്രോഗ്രാമിനു വേണ്ട സാധന സാമഗ്രികൾ വാങ്ങി. ഒന്പതു ലക്ഷത്തിൽപരം രൂപ ചെലവായി.
പ്രോഗ്രാമുകൾ ലഭിക്കുന്നതോടെ കടം വീട്ടാൻ സാധിക്കുമെന്നായിരുന്നു മനോജിന്റെ പ്രതീക്ഷ. എന്നാൽ, കോവിഡ് എല്ലാം തകിടം മറിച്ചു. രണ്ടു വർഷമായി ഏറെ പ്രതിസന്ധികളിലൂടെയാണ് മനോജ് കടന്നു പോകുന്നത്. മറ്റ് തൊഴിലുകൾ വശമില്ലാതിരുന്നതിനാൽ പെയിന്റിംഗ് തൊഴിലുകൾക്കും വേലി കെട്ടൽ ജോലികൾക്കും പോയാണ് കുടുംബം പുലർത്തുന്നത്. സഹകരണ ബാങ്കിൽനിന്നാണ് ലോണെടുത്തിരുന്നത്. കോവിഡിനു മുൻപ് തിരിച്ചടവ് കൃത്യമായി നടന്നു. പിന്നീടു മുടങ്ങി.
ഭീമമായ നഷ്ടം
തെയ്യം, അമ്മൻകുടം, പരുന്ത്, കോഴി, മയിൽ, ചുണ്ടൻ വള്ളം, കരിങ്കാളി, പന്തക്കാളി, കുരങ്ങ്, മലബാർ നൃത്തം എന്നീ വേഷങ്ങൾ ധരിച്ചാണ് കലാകാരൻമാർ വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നത്. ഈ സാധനങ്ങളെല്ലാം മലബാർ മേഖലയിൽനിന്നു വാങ്ങിയതായിരുന്നു. വേഷങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കട്ടൗട്ടുകളും അനുബന്ധ സാധനങ്ങളും എല്ലാം നശിച്ചു. ഭീമമായ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
മനോജിന്റെ അച്ഛൻ പരേതനായ എൻവികെ അറവുകാടാണ്. അദ്ദേഹവും കലാകാരനായിരുന്നു. മിമിക്രി കലാകാരൻ പുന്നപ്ര മധു സഹോദരനാണ്. ഇവർ ഇരുവരുമാണ് കലാരംഗത്തെ മനോജിന്റെ ഗുരുനാഥൻമാർ. മനോജ് തന്റെ മക്കളെയും കലാരംഗത്തേക്കു പ്രോത്സാഹനം നൽകി. മൂത്തമകൾ മഹിമയും, ഇളയമകൾ മാളവികയും സംസ്ഥാന, ജില്ലാ തല കലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
നാലു സെന്റ് വസ്തുവിലുള്ള ചെറിയ വീട്ടിലാണ് മനോജ് താമസിക്കുന്നത്. കോവിഡിന്റെ തീവ്രത കുറഞ്ഞതോടെ പഴയത് പോലെ അരങ്ങുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നതിലൂടെ നഷ്ടങ്ങൾ നികത്താനാകുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ തള്ളിനീക്കുകയാണ് മനോജും സഹപ്രവർത്തകരും.
ഒമിക്രോണിന്റെ കടന്ന് വരവ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പികുമോ എന്ന ആശങ്കയിലാണ്. 22 കലാകാരൻമാരുടെ വരുമാനം മനോജിന്റെ സമിതിയിലൂടെയായിരുന്നു. സഹ കലാകാരൻമാരുടെ ജീവിതവും കഷ്ടപ്പാടിലും ദുരിതത്തിലുമാണ്. പലരും കൂലിപ്പണികൾ ചെയ്താണ് ഉപജീവനം നടത്തുന്നത്. എന്നാൽ, കൂലിപ്പണികളും കുറവാണ്. മക്കളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ കാര്യങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ് മനോജ്.
എട്ടു ലക്ഷത്തിന്റെ ബാധ്യത
20 വർഷക്കാലത്തിലേറെയായി നാടൻ പാട്ടുകളെ ജനകീയമാക്കുകയും ഉത്സവ വേദികളെ ഇളക്കിമറിക്കുകയും ചെയ്ത നാടൻപാട്ട് കലാകാരനാണ് ബിനീഷ് കോരാണി. തിരുവനന്തപുരം വരമൊഴികൂട്ടം എന്ന പേരിൽ 20 വർഷം മുന്പ് ബിനീഷ് ആരംഭിച്ച നാടൻപാട്ട് കലാ സമിതിയാണ് തെക്കൻ കേരളത്തിൽ നാടൻപാട്ടിനെ ജനകീയമാക്കിയത്.
പുത്തൻ രംഗസംവിധാനങ്ങളോടെയും ലൈറ്റ്, സൗണ്ട്സ്, കട്ടൗട്ട് മുതലയാവയെ കോർത്തിണക്കി ദൃശ്യപ്പൊലിമയോടെയാണ് ബിനിഷിന്റെ സമിതിയും ഉത്സവപറന്പുകളിലെ ജനഹൃദയങ്ങളിൽ ഇടം നേടിയത്. മഹാമാരിക്കു മുന്പ് 65 പ്രോഗ്രാമുകൾ ബുക്ക് ചെയ്തിരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന്്്് അതെല്ലാം റദ്ദാക്കപ്പെട്ടു.
പ്രോഗ്രാമുകൾക്ക് കൂടുതൽ ശ്രദ്ധയും ആകർഷണീതയും ലഭിക്കാനായി ഇലക്ട്രോണിക് ഉപകരണങ്ങളും വേഷവിധാനങ്ങളും വാങ്ങിയിരുന്നു. ബിനീഷും വീടിന്റെ ആധാരം പണയം വച്ചും കടം വാങ്ങിയുമായിരുന്നു ട്രൂപ്പ് വികസിപ്പിച്ചത്. ഇപ്പോൾ എട്ട് ലക്ഷത്തിലേറെ രൂപയുടെ ബാധ്യത ബിനിഷിനുണ്ട ്. സഹകരണബാങ്കിൽനിന്നു എടുത്ത തുകയുടെ തിരിച്ചടവ് കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങി.
വാടക വീട് ഒഴിഞ്ഞു
ട്രൂപ്പിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നതു വാടക വീട്ടിലായിരുന്നു. സാധനങ്ങളെല്ലാം സൂക്ഷിച്ചിരുന്നതും അവിടെയായിരുന്നു. വാടക കൊടുക്കാൻ സാധിക്കാതായതോടെ വീട് ഒഴിയേണ്ട ി വന്നു. വിലപിടിപ്പുള്ള സാധനസാമഗ്രികളെല്ലാം ഇപ്പോൾ ബിനിഷിന്റെ വീടിനു സമീപം ടാർപ്പയിൽ തീർത്ത ഷെഡിലാണ് സൂക്ഷിച്ചിരിക്കുന്നത്. പല വസ്തുക്കളും കേടായിപ്പോയി.
അമ്മയും ഭാര്യയും മകനും അടങ്ങുന്നതാണ് ബിനീഷിന്റെ കുടുംബം. ജീവിക്കാനായി ചെയ്തു പരിചയമില്ലാത്ത കൂലിപ്പണിക്ക് ഇറങ്ങിയിരിക്കുകയാണ് ബിനീഷ്. പണികൾ കുറവായതും ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. കെട്ടിട നിർമാണ തൊഴിലാളിയായും പുരയിടം വൃത്തിയാക്കൽ, മരം മുറിപ്പ്, കല്ലും പാറയും ചുമട് ഉൾപ്പെടെയുള്ള പണികൾ ഇപ്പോൾ ബിനിഷിനു ശീലമായിമാറിയിട്ടുണ്ട്.
ഫെബ്രുവരി, മാസത്തേക്കു കുറച്ച് പ്രോഗ്രാമുകൾ പലരും ബുക്ക് ചെയ്തിട്ടുണ്ട്. ഒമിക്രോണ് ഭീഷണി ആ പ്രോഗ്രാമുകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ബിനീഷ്.20 പേരടങ്ങുന്ന സമിതിയിലെ മറ്റ് കലാകാരൻമാരും ഇപ്പോൾ കൂലിപ്പണിക്കു പോവുകയാണ്. ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് കട്ടിപ്പണികൾക്ക് ഇറങ്ങാൻ സാധിക്കാത്ത സാഹചര്യവുമുണ്ട്. എങ്ങനെയെങ്കിലും ഈ പ്രതിസന്ധിയുടെ കാലം തരണം ചെയ്യാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിനിഷും സഹപ്രവർത്തകരും.
(തുടരും)