തലശേരി: നാപ്റ്റോൾ എന്ന ടെലിമാർക്കറ്റിംഗ് കന്പനിയുടെ പേരിൽ വൻതട്ടിപ്പ്. സംസ്ഥാനത്ത് നിരവധി പേർ തട്ടിപ്പിനിരയായതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വീട്ടമ്മമാരും ഗൃഹനാഥൻമാരും യുവതീയുവാക്കളുമടക്കം നാപ്റ്റോളിന്റെ പേരിലുള്ള തട്ടിപ്പിനിരയായിട്ടുണ്ട്. നാപ്റ്റോളിന്റേതെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് കത്തും തലക്കെട്ടുമൊക്കെ തയാറാക്കിയിരിക്കുന്നത്. മാസങ്ങൾക്കു മുന്പ് തലശേരി സ്വദേശിനിയായ വീട്ടമ്മ ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. ഒടുവിൽ കോട്ടയം ജില്ലയിലും തട്ടിപ്പിനുള്ള ശ്രമത്തിലാണ് സംഘം.
അതിരന്പുഴ സ്വദേശിയായ യുവാവിനും കഴിഞ്ഞ ദിവസം നാപ്റ്റോളിന്റേതെന്ന മട്ടിൽ കത്തു വന്നു. നാപ്റ്റോൾ കമ്പനിയുടെ 25 ലക്ഷം രൂപ സമ്മാന തുക രേഖപ്പെടുത്തിയ മനോഹരമായ സ്ക്രാച്ച് വിൻ കൂപ്പണടങ്ങിയ കവറാണ് ഇവർക്ക് രജിസ്റ്റേർഡ് തപാലിൽ ലഭിച്ചത്. കൂടെ നാപ്റ്റോളിന്റെ കത്തും ഉണ്ടായിരുന്നു. രണ്ട് കത്തിലും ഒരേ ടോൾ ഫ്രീ നമ്പറാണ് രേഖപ്പെടുത്തിയിട്ടുളളത്. മൊബൈൽ നമ്പറുകൾ വ്യത്യസ്തമാണ്.
കോട്ടയം സ്വദേശിക്ക് ലഭിച്ച കത്തിലെ മൊബൈൽ നമ്പർ 9836056813 എന്നാണ്. തലശേരി സ്വദേശിയായ വീട്ടമ്മക്ക് ലഭിച്ച സമ്മാന അറിയിപ്പ് അടങ്ങിയ കത്തിൽ 9836332653 എന്ന മൊബൈൽ നമ്പറാണുള്ളത്. രാവിലെ പത്തിനും വൈകുന്നേരം അഞ്ചിനും ഇടയിൽ ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. വിളിച്ചപ്പോൾ നല്ല മലയാളത്തിൽ മറുപടിയും ലഭിക്കുന്നുണ്ട്. അതിരന്പുഴ സ്വദേശി വിളിച്ചപ്പോൾ തമിഴ് ചുവയുള്ള മലയാളത്തിലായിരുന്നു സംസാരം.
25 ലക്ഷം സമ്മാനം ലഭിച്ചതിൽ അഭിനന്ദനം അറിയിച്ചു കൊണ്ടാണ് സംസാരം തുടങ്ങുക. നാല് ശതമാനം നികുതി അടക്കണമെന്നും ഇതിൽ 25,000 എസ്ബിഐ യിൽ നിക്ഷേപിക്കണമെന്നും നിർദ്ദേശിക്കും. ബാക്കി നികുതി സമ്മാന തുക അക്കൗണ്ടിൽ എത്തിയ ശേഷം മാത്രം അടച്ചാൽ മതിയെന്നും വ്യക്തമാക്കും. ചെലവാകുന്ന തുക കുറച്ച് സമ്മാനം നല്കിയാൽ മതിയെന്നു പറഞ്ഞപ്പോൾ അങ്ങനെ വേണമെങ്കിൽ ഡൽഹിയിലെ ഓഫീസിൽ നേരിട്ടെത്തണമെന്നായിരുന്നു മറുപടി.
ആദ്യ തുക അടച്ചു കഴിഞ്ഞാൽ പിന്നീട് വാക്ചാത്യര്യത്തിലൂടെ ഒരു ലക്ഷം രുപ വരെ സമ്മാന ജേതാവിൽ നിന്നും തട്ടിയെടുക്കുകയാണ് സംഘം ചെയ്ത് വരുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറു കണക്കിനാളുകൾക്കാണ് കാൽ കോടി സമ്മാനം അടിച്ചതായ കത്ത് എത്തിയിട്ടുള്ളത്. 25000 അടച്ചാൽ 25 ലക്ഷം കിട്ടുമെന്നുള്ള വാഗ്ദാനത്തിൽ കുടുങ്ങി ഒരു ലക്ഷം വരെ നഷ്ടപ്പെട്ടവരാണ് കൂടുതലും. മലയാളികളടങ്ങിയ സംഘമാണ് തട്ടിപ്പിന് ചുക്കാൻ പിടിക്കുന്നത്.
ദൃശ്യമാധ്യമങ്ങളിലൂടെയുള്ള കണ്ണഞ്ചിപ്പിക്കുന്ന പരസ്യം കണ്ട് ഓൺലൈൻ ഷോപ്പിങ്ങ് നടത്തിയവരാണ് തട്ടിപ്പിനിരയായത്. സമ്മാന ജേതാക്കൾക്കുള്ള കത്തിൽ നാപ്റ്റോൾ ഓൺലൈൻ ഷോപ്പിംഗ് ലിമിറ്റഡിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ചിട്ടുള്ളതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
25 ലക്ഷം രൂപയും അക്കൗണ്ടിൽ വരുമെന്നും എല്ലാ നികുതികളും വിജയി സർക്കാറിൽ അടക്കണമെന്നും തുക നൽകുന്നത് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിയമമനുസരിച്ചായിരിക്കുമെന്നും ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ്സി കോഡ്, പാൻ കാർഡ് നമ്പർ, ആധാർ നമ്പർ എന്നിവ അയച്ചു നൽകണമെന്നുമാണ് അറിയിച്ചിട്ടുള്ളത്.
നാപ്പ്റ്റോൾ ഫിനാൻസ് മാനേജർ വികാസ് കപൂറിന്റെ ഒപ്പോടു കൂടിയ കത്താണ് തലശേരിയിലെ വീട്ടമ്മക്ക് ലഭിച്ചതെങ്കിൽ കോട്ടയം സ്വദേശിക്ക് ലഭിച്ചത് ഫിനാൻസ് മാനേജർ തിലകരാജയുടെ ഒപ്പോടു കൂടിയ കത്താണ്. ഡൽഹി കൊണാട്ട് പ്ലേസ് വിലാസം രേഖപ്പെടുത്തിയിട്ടുള്ള കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് ബർധവൻ എന്ന സ്ഥലത്തു നിന്നാണ്. നാപ്റ്റോളിന്റെ ദൃശ്യമാധ്യമങ്ങളിൽ കാണുന്ന നമ്പറിൽ വിളിക്കരുതെന്ന നിർദ്ദേശവും കത്തിലുണ്ട്.
ബന്ധപ്പെടേണ്ട നമ്പറുകൾ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള കത്തിൽ ക്യൂ ആർ കോഡുമുണ്ട് . എന്തായാലും കണ്ണൂർ, കോട്ടയം ജില്ലകളിൽ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ നിരവധിപേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. മാനക്കേടു ഭയന്ന് പലരും പുറത്തുപറയുന്നില്ലെന്നു മാത്രം.