തിരുവമ്പടി: റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ മലബാറില്‍ അഞ്ഞൂറിലധികം പേര് ഇരായായതായി സൂചന. ഓരോ ദിവസവും പോലീസില്‍ പരാതികള്‍ വര്‍ധിച്ചുവരികയാണ്.
ഇരകളുടെ പരാതിയില്‍ മലപ്പുറം എടപ്പാള്‍ വട്ടംകുളം കവുപ്ര അശ്വതി വാരിയര്‍, കോഴിക്കോട് മുക്കം വല്ലത്തായ്പ്പാറ മണ്ണാര്‍ക്കണ്ടി എം.കെ. ഷിജു എന്നിവരുടെ പേരില്‍ മുക്കം പോലീസ് കേസെടുത്തിട്ടുണ്ട്.
തട്ടിപ്പ് സംഘത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നതോടെ കൂടുതല്‍ പേര് പരാതികളുമായി രംഗത്ത് വന്നിരിക്കുകയാണ്.
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇ-മെയില്‍ ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്.
ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജനിയമന ഉത്തരവും നല്കുകയുണ്ടായി.
കോവിഡ് കാലമായതിനാല്‍ വര്‍ക്ക് അറ്റ് ഹോം എന്ന് പറഞ്ഞായിരുന്നു ഇല്ലാത്ത ജോലി നല്‍കിയിരുന്നത്.
റെയില്‍വേ ഉദ്യോഗസ്ഥ ചമഞ്ഞെത്തിയ അശ്വതി വാരിയരാണ് തട്ടിപ്പ് സംഘത്തിന് നേതൃത്വം വഹിച്ചിരുന്നത്.
മുക്കം വല്ലത്തായിപാറ സ്വദേശി എം.കെ. ഷിജുവായിരുന്നു പ്രധാന ഇടനിലക്കാരന് . എസ്.സി. മോര്‍ച്ച മുക്കം മണ്ഡലം പ്രസിഡന്റായിരുന്ന ഇയാള്‍ ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനും ബി. ജെ.പി. ദേശീയനിര്‍വാഹകസമിതി അംഗവുമായ പി.കെ. കൃഷ്ണദാസിന്റെ ഫോട്ടോ ദുരുപയോഗപ്പെടുത്തിയിരുന്നതായി പാര്‍ട്ടി പ്രാദേശികനേതൃത്വം പറയുന്നു.
ഇയാളെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് തട്ടിപ്പിനിരയായവരിലേറെയും.
തുടക്കത്തില്‍ 35,000 രൂപ വരെ പ്രതിഫലം നല്‍കിയിരുന്നു. മാന്യമായ ശമ്പളം ലഭിച്ചു തുടങ്ങിയതോടെ പലരും കണ്ണിവികസിപ്പിച്ചു.
ഇതോടെ തട്ടിപ്പ് സംഘത്തിന് കോടികള്‍ വന്നുചേര്‍ന്നതോടെ പ്രതിഫലം നല്‍കുന്നത് നിര്‍ത്തി പ്രതികള്‍ മുങ്ങുകയായിരുന്നു.
തട്ടിപ്പ് കണ്ണിയില്‍ ഉള്ള ചിലര്‍ പരാതി വന്ന തോട് കമ്മിഷന് ലഭിച്ച തുക എന്ന് പറഞ്ഞു ചിലര്‍ക്ക് ഒരു ലക്ഷത്തിലധികം തുക മടക്കി കൊടുത്തിട്ടുമുണ്ട്.