സ്വന്തംലേഖകന്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനതാവളം വഴി കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം കടത്തിയ കേസില്‍ പിടികൂടാനുള്ള പ്രതിക്ക് ദുബായിലും കേസ്. കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി സ്വദേശിയായ നബീല്‍ അബ്ദുള്ഖാദറിനെതിരേയാണ് ഷാര്‍ജയില്‍ കേസ് നിലവിലുള്ളത്.
കേസ് നിലനിൽക്കുന്നതിനാൽ അതുകഴിയുംവരെ നബീലിനെ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കില്ല. കരിപ്പൂര്‍ സ്വര്‍ണകടത്ത് കേസില്‍ ഇനി നബീലിനെ മാത്രമാണ് പിടികൂടാനുള്ളത്. മറ്റുള്ള പ്രതികളെയെല്ലാം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി.
ഡിആര്‍ഐ കേസന്വേഷിക്കുന്നതിനിടെ മറ്റു പ്രതികളെ പോലെ നബീലും കണ്ണൂരിലെത്തിയിരുന്നു. രണ്ടുവര്‍ഷം മുമ്പായിരുന്നു നബീല്‍ കണ്ണൂരിലെത്തിയത്. നാട്ടിലെത്തിയ വിവരം ഡിആര്‍ഐയ്ക്ക് ലഭിക്കുകയും അക്കാര്യം തലശേരി പോലീസിന് കൈമാറുകയും ചെയ്തു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ നബീലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിവരം പോലീസിൽ നിന്നുതന്നെ മണത്തറിഞ്ഞ നബീല്‍ വീണ്ടും ദുബായിലേക്ക് തിരിച്ചു.
ദുബായില്‍ കഴിയവെ ഒരു വര്‍ഷം മുമ്പ് ചെക്ക് കേസുമായി ബന്ധപ്പെട്ട് നബീലിനെതിരേ പോലീസ് കേസെടുത്തിരുന്നു. കേസില്‍ ദുബായ് പോലീസിന്റെ പിടിയിലായ നബീലിനെ ആറുമാസത്തേക്ക് ശിക്ഷിച്ചു. ജയിലിലായിരുന്ന നബീല്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ദുബായില്‍ കേസിലകപ്പെട്ടാല്‍ അവരെ തിരിച്ച് നാട്ടിലേക്കായയ്ക്കാറാണ് പതിവ്.
ഇപ്രകാരം നബീലിനെ നാട്ടിലേക്ക് അയയ്ക്കാനിരിക്കെയാണ് മറ്റൊരു കേസ് ഷാര്‍ജപോലീസ് രജിസ്റ്റര്‍ ചെയ്യുന്നത്. പുതുതായി രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിക്കുന്നതുവരെ നബീല്‍ ദുബായില്‍ തന്നെ തുടരണമെന്നാണ് നിയമം. അതിനാല്‍ ഉടനെ ഇന്ത്യയിലേക്ക് വരാന്‍ കഴിയില്ല.
അതേസമയം ഇന്ത്യയിലേക്ക് നബീലിനെ യുഎഇ സര്‍ക്കാര്‍ തിരിച്ചയയ്ക്കുകയാണെങ്കില്‍ ലുക്കൗട്ട് നോട്ടീസുള്ളതിനാല്‍ വിമാനതാവളങ്ങളില്‍ അറിയുകയും നബീലിനെ പിടികൂടുകയും ചെയ്യാമായിരുന്നു. കേസില്‍ അകപ്പെട്ടതോടെ ഈ സാധ്യത ഇല്ലാതായി.
അതേസമയം കഴിഞ്ഞ ദിവസം ഡിആര്‍ഐ പിടിയിലായ കൊടുവള്ളി സ്വദേശി അബ്ദുള്ലെയ്സ് ഇപ്പോള്‍ പൂജപ്പുര ജയിലിലാണുള്ളത്. ലെയ്സിനെതിരേ ചുമത്തിയ കോഫേപോസയുമായി ബന്ധപ്പെട്ട് അടുത്ത ദിവസം കോഫപോസ അഡൈ്വസറി കമ്മിറ്റി യോഗം ചേരും. കോഫേപോസ തുടരണമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്മറ്റി പരിശോധിക്കും.
2013 നവംബര്‍ എട്ടിനായിരുന്നു കരിപ്പൂര്‍ വിമാനതാവളം വഴി കടത്തിയ ആറുകിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയത്. തലശേരി സ്വദേശിനി റാഹില ചീരായ്, പുല്‍പ്പള്ളി സ്വദേശിനി എയര്‍ഹോസ്റ്റസ് ഹിറാമോസ. വി. സെബാസ്റ്റ്യന്‍, എന്നിവരെയായിരുന്നു ആദ്യം പിടിയിലായത്.
പിന്നീടാണ് കൊടുവള്ളി സ്വദേശി ഷഹബാസ്, അബ്ദുള്ലെയ്സ്, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി നബീല്‍ അബ്ദുല്‍ ഖാദര്‍, എന്നിവരുടെ പങ്കിനെക്കുറിച്ച് അറിയുന്നത്. ആദ്യ മൂന്നുപ്രതികളെ ഡിആര്‍ഐ പിടികൂടിയെങ്കിലും അബ്ദുള്ലെയ്സിനേയും നബീലിനേയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇവര്‍ക്കെതിരേ കോഫേപോസ ചുമത്തി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.