ഇലന്തൂര്‍ നരബലി കേസിലെ പ്രതികളിലൊരാളായ ഷാഫിയെ വഴിതെറ്റിച്ചത് മദ്യമെന്ന് ഭാര്യ നബീസ. ഇയാള്‍ നിരപരാധിയാണെന്ന് പറയുന്നില്ലെന്നും ഷാഫിക്ക് വലിയ സാമ്പത്തിക പിന്‍ബലം ഉണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും നബീസ പറഞ്ഞു.
എന്നാല്‍ നരബലി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളെയും അറിയാം. പത്മയെ കാണാതായി എന്ന് പറയുന്ന ദിവസം ഹോട്ടലില്‍ വന്നിരുന്നതായും നബീസ പറഞ്ഞു.
തന്റെ മൊബൈല്‍ ഫോണ്‍ ഷാഫി ഉപയോഗിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് ബുക്ക് ഉപയോഗിച്ചത് ഷാഫി. ഷാഫിക്ക് ബാങ്ക് അക്കൗണ്ട് പോലും സ്വന്തമായി ഇല്ല. മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ട്.
റോസ്ലിയെയും പത്മയെയും അറിയാം. ഇവര്‍ ഹോട്ടലിന് അടുത്തുള്ള ലോഡ്ജില്‍ വരാറുണ്ട്. നരബലി ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല. വീട്ടില്‍ പണം കൊണ്ടു വന്നിട്ടില്ലെന്നും നബീസ പറയുന്നു.
എന്നാല്‍ മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറയുന്നു. പത്ത് വര്‍ഷത്തിനിടെ 15 കേസുകളില്‍ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു വ്യക്തമാക്കി.
ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മീഷണര്‍ പറഞ്ഞു. ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്.
സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കില്‍ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയത്. കുറ്റകൃത്യത്തിന് മുന്‍പ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി.
വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ആയിരുന്നു ഗൂഢാലോചന നടത്തിയതെന്നും കമ്മീഷണര്‍ പറഞ്ഞു. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ് ഷാഫി.
പ്രതികള്‍ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയില്‍ ഉണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കൂടുതല്‍ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.