മലപ്പുറം: ട്രെയിനിൽ യാത്രക്കാരിയായ യുവതിയുടെ മുമ്പിൽ ലൈംഗികാവയവം പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. വണ്ടൂർ വെളളാമ്പുറം സ്വദേശി പിലാക്കാടൻ ഷിഹാബുദ്ദീൻ എന്ന ഷിബുവിനെയാണ് വണ്ടൂർ സിഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാംകുളത്ത് ജോലി ചെയ്യുന്ന യുവതി ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ വാണിയമ്പലത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് വരികയായിരുന്നു.
രാത്രി 9.20ഓടെ ട്രെയിൻ തൊടികപ്പുലം സ്റ്റേഷൻ കഴിഞ്ഞപ്പോൾ കമ്പാർട്ടുമെന്റിൽ തനിച്ചായ യുവതിയുടെ എതിർവശത്തിരുന്ന പ്രതി അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗികാവയവം പ്രദർശിപ്പിക്കുകയുമായിരുന്നു.
പ്രതിയുടെ ദൃശ്യങ്ങൾ പകർത്തിയ യുവതി വാണിയമ്പലത്തെത്തിയപ്പോൾ ബന്ധുക്കളുടെ സഹായത്തോടെ പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നീട് അടുത്തദിവസം വീഡിയോ ദൃശ്യം സഹിതം വണ്ടൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. നടുവത്ത് വച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത് പ്രതിയെ തുടർ നടപടികൾക്കായി റെയിൽവേ പോലീസിനു കൈമാറി.
പ്രത്യേക അന്വേഷണ സംഘത്തിലെ സുനിൽ.എൻ.പി. അഭിലാഷ് കൈപ്പിനി, ആഷിഫ് അലി. കെ.ടി. നിബിൻദാസ്, ടി. ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.