സ്വന്തം ലേഖകൻ
തൃശൂർ: സാന്പത്തിക പ്രതിസന്ധിമൂലം നിർത്തലാക്കിയ കേരള സംഗീത നാടക അക്കാദമിയുടെ ചൊവ്വയരങ്ങ് അടുത്ത മാസം പുനരാരംഭിക്കും. സാംസ്കാരിക തലസ്ഥാനത്തിന്റെ ചൊവ്വാഴ്ചകളെ വൈവിധ്യമാർന്ന കലാവിരുന്നുകൾ കൊണ്ട് വിരുന്നൂട്ടി കേരള സംഗീത നാടക അക്കാദമിയുടെ ചൊവ്വയരങ്ങ് വലിയൊരു ആസ്വാദക വൃന്ദത്തെ തന്നെ സൃഷ്ടിച്ചിരുന്നു.
പ്രതിവാര കലാവിരുന്നിനായി ആരംഭിച്ച ചൊവ്വയരങ്ങിൽ സംഗീതവും നൃത്തവും ഇതര കലകളും അവതരിപ്പിക്കപ്പെട്ടു. പ്രശസ്തരും അപ്രശസ്തരും വേദിയിലെത്തി. പുതിയ കലാകാരൻമാർക്ക് തങ്ങളുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനുള്ള വേദിയായി ചൊവ്വയരങ്ങ് മാറിയിരുന്നു. ചൊവ്വയരങ്ങിൽ പരിപാടികൾ അവതരിപ്പിക്കാനെത്തിയ കലാകാരൻമാർക്ക് പ്രതിഫലവും അക്കാദമി നൽകിവന്നിരുന്നു. കഴിഞ്ഞ സാന്പത്തിക വർഷം അവസാനത്തോടെ സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചൊവ്വയരങ്ങിന് തിരശീല വീണു. ഇതോടെ അറിയപ്പെടാത്ത കലാകാരൻമാർക്ക് അരങ്ങുകളും നഷ്ടമായി.
നിരവധി കലാകാരൻമാർ ചൊവ്വയരങ്ങ് പുനരാരംഭിക്കണമെന്ന ആവശ്യവുമായി അക്കാദമിയെ സമീപിച്ചിരുന്നു. ഇതെത്തുടർന്നാണ് അടുത്ത മാസം മുതൽ ചൊവ്വയരങ്ങ് പുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന് അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ പറഞ്ഞു.നൃത്തസംഗീത കലകൾക്കു പുറമെ മാജിക്, ഓട്ടൻതുള്ളൽ എന്നിവയും ചൊവ്വയരങ്ങിനെ സന്പന്നമാക്കിയിരുന്നു.
ഹിന്ദുസ്ഥാനി സംഗീതവും ക്ലാസിക്കൽ സംഗീതവും ചൊവ്വയരങ്ങിനെ സംഗീതസാന്ദ്രമാക്കിയപ്പോൾ വേറിട്ട നൃത്തരൂപങ്ങളും ചൊവ്വാഴ്ചകളിലെ സന്ധ്യകളെ മോഹനമാക്കി. കേരള സംഗീത നാടക അക്കാദമി വജ്രജൂബിലി വർഷത്തോടനുബന്ധിച്ച് വജ്രപൂർണിമയിൽ കലാകേരളം എന്ന ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ജൂലൈ നാലിനാണ് ചൊവ്വയരങ്ങിന് തുടക്കമിട്ടത്. മൂന്നു ലഘുനാടകങ്ങളുടെ അവതരണത്തോടെയായിരുന്നു ചൊവ്വയരങ്ങ് ആരംഭിച്ചത്.
നിരവധി കലാകാരൻമാരാണ് ചൊവ്വയരങ്ങിൽ തങ്ങളുടെ കലാവൈഭവം അവതരിപ്പിക്കാൻ അക്കാദമിക്ക് അപേക്ഷ നൽകി ഇപ്പോഴും കാത്തിരിക്കുന്നത്. കൂടുതലും പുതിയ കലാകാരൻമാർക്ക് അവസരം നൽകി അവരെ പ്രോത്സാഹിപ്പിക്കാനാണ് ചൊവ്വയരങ്ങിലൂടെ ശ്രമിക്കുന്നതെന്ന് സെക്രട്ടറി എൻ.രാധാകൃഷ്ണൻനായർ പറഞ്ഞു.
അക്കാദമിയുടെ വിവിധ തീയറ്ററുകൾ ചൊവ്വയരങ്ങിന് ഉപയോഗപ്പെടുത്തിയിരുന്നു. നാടകങ്ങൾക്കും മറ്റും റീജണൽ തീയറ്ററും കൂടിയാട്ടവും കൂത്തും പോലുള്ള കലകളുടെ അവതരണത്തിന് നാട്യഗൃഹത്തിലെ ബ്ലാക്ക് ബോക്സ് തീയറ്ററും ഉപയോഗിച്ചു. വളരെ അടുത്തിരുന്ന് കാണേണ്ട കലാരൂപങ്ങൾ ബ്ലാക്ക് ബോക്സിലാണ് അവതരിപ്പിച്ചിരുന്നത്.
ചൊവ്വയരങ്ങിലെ കലാവതരണങ്ങൾ കാണാൻ നിരവധി ആസ്വാദകർ എത്തിയിരുന്നു. ദോഷങ്ങളും പ്രതിസന്ധികളുമെല്ലാം തീർന്ന് വീണ്ടും ചൊവ്വയരങ്ങിന് തിരശീല ഉയരുന്പോൾ ആസ്വാദകരും കലാകാരൻമാരും സന്തോഷത്തിലാണ്.