പിറവം: പശ്ചിമകൊച്ചി മേഖലയിലേക്ക് കുടിവെള്ളമെത്തിക്കുന്ന ജനറം പദ്ധതിയിലൂടെ അധികൃതരുടെ അനാസ്ഥമൂലം കുടിവെള്ള പാഴാക്കിക്കളയുന്നു. വേനൽ കനത്തതോടെ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്പോഴാണ് പ്രതിദിനം മണിക്കൂറുകളോളം ലക്ഷക്കണക്കിന് ലിറ്റർ ജലം റോഡിലൂടെ ഒഴുക്കിക്കളയുന്നത്.
ആരക്കുന്നത്ത് സ്ഥാപിച്ചിരിക്കുന്ന ടാങ്ക് നിറഞ്ഞുകവിഞ്ഞൊഴുന്ന ജലം മിക്ക ദിവസങ്ങളിലും നടക്കാവ് ഹൈവേ റോഡ് തോടാക്കി മാറ്റുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു.
പിറവം പുഴയിൽ മാമലക്കവല കടവിൽ സ്ഥാപിച്ചിരിക്കുന്ന കിണറിൽ നിന്നുമാണ് ആരക്കുന്നത്തെ ടാങ്കിലേക്ക് വെള്ളം പന്പ് ചെയ്യുന്നത്.
ആറ് കിലോമീറ്ററോളം അകലെയുള്ള ആരക്കുന്നത്തെ ഉയർന്ന മലയുടെ മുകളിലാണ് ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിന്നും ജലം സ്വാഭാവികമായ ഒഴുക്കിലൂടെ താഴ്ന്ന പ്രദേശമായ മരടിലെത്തുകയും, ഇവിടുത്തെ ട്രീറ്റ്മെന്റ് പ്ലാന്റിൽ ശുദ്ധീകരിച്ച് കുടിവെള്ളം വിതരണം ചെയ്യും. ടാങ്കിൽ ജലം നിറയുന്നത് മാമലക്കവലയിലെ പന്പിംഗ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയാതെ പോകുന്നതാണ് ഇതിന് കാരണമെന്ന് പറയുന്നു.
ആരക്കുന്നത്ത് ടാങ്കിനായി രാത്രികാലങ്ങളിൽ വാച്ചർമാർ ഇല്ലാത്തതും പ്രശ്നമാണ്. മിക്ക ദിവസങ്ങളിലും പുലർച്ചെ നാലു മുതൽ ഒന്പതുവരെയെങ്കിലും ടാങ്ക് നിറഞ്ഞ് ജലം റോഡിലൂടെ ഒഴുകുന്നുണ്ട്. പിന്നീട് ആരക്കുന്നത്ത് വ്യാപാരികൾ കടകൾ തുറക്കാനെത്തുന്പോഴാണ് അധികൃതരെ വിവരമറിയിച്ച് പന്പിംഗ് നിർത്തിവെപ്പിക്കുന്നത്.
നിരവധി തവണ ആവർത്തിച്ചിട്ടും ഇതിനൊരു പരിഹാരമുണ്ടാക്കാൻ വാട്ടർ അഥോറിറ്റി അധികൃതർക്ക് കഴിയുന്നില്ല. ഉദ്യോഗസ്ഥരുടെ അലംഭവമാണ് ഇതിന് പിന്നിലെന്നുമുള്ള ആക്ഷേപവുമുയർന്നിട്ടുണ്ട്.നടക്കാവ് റോഡിലൂടെ ഒഴുകുന്ന വെള്ളം സമീപത്തുള്ള പുരയിടങ്ങളിലേക്കാണ് പതിക്കുന്നത്.
വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന നടക്കാവ് റോഡിലൂടെ വെള്ളം ഒഴുകുന്നത്, കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്. വാഹനങ്ങൾ പോകുന്പോൾ വെള്ളം ശരീരത്തിലേക്ക് തെറിക്കുകയാണ്. കക്കാട് പദ്ധതി കൂടാതെ ജനറം, ജപ്പാൻ, വൈക്കം പദ്ധതിയിലൂടെ ഓരോ 15 മിനിട്ടിലും ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പിറവം പുഴയിൽ നിന്നും കൊണ്ടുപോകുന്നത്.
അമിതമായ ജലമൂറ്റുമൂലം പുഴ മെലിഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ്, അനാസ്ഥയെത്തുടർന്ന് വെള്ളം ഒഴുക്കിക്കളഞ്ഞുകൊണ്ടിരിക്കുന്നത്.