പറവൂർ: ഒരു കാലത്ത് പുഷ്കലമായിരുന്ന നാടക വേദികളുടെ കർട്ടൻ ഉയരാതായിട്ടും പ്രതീക്ഷ കൈവെടിയാതെ നാടക കലാകാരന്മാരുടെ കൂട്ടായ്മ. ജീവിതം തന്നെ നാടകകലയ്ക്കായി ഉഴിഞ്ഞുവച്ച കെ.എം.ഷാ എന്ന കെ.എം. ഷൺമുഖന്റെ മുറവൻതുരുത്തിലെ വസതിയിലാണ് കഴിഞ്ഞ ദിവസം കലാകാരമാർ ഒത്തുകൂടിയത്.
ഭാര്യ മല്ലിക അസുഖ ബാധിതയായതിനെ തുടർന്നുള്ള ഷായുടെ നിലവിലെ പിരിമുറുക്കങ്ങൾക്ക് അയവ് നൽകാനും കൂട്ടായ്മയിലൂടെ കഴിഞ്ഞു. നാടകത്തിനു പിന്നാലെയുള്ള ഓട്ടത്തിൽ ജീവിതം കരുപിടിപ്പിക്കുന്നത് മറന്ന ഷാ ഇന്ന് ഭാര്യയുടെ ചികിത്സയ്ക്ക് പോലും വഴി കണ്ടെത്താനാകാതെ ഉഴലുന്ന സ്ഥിതിയിലാണ്.
മക്കളിലാത്ത ഇവർക്ക് നാടകം മാത്രമായിരുന്നു ലോകം.അടുത്ത നാളുകളിലൊന്നും തട്ടിൽ കയറാനാകില്ലെന്നറിഞ്ഞിട്ടും നാടകം അരങ്ങേറുന്നതിന്റെ അവസാന റിഹേഴ്സലും കൂട്ടായ്മയിലെ കലാകാരന്മാർ ചേർന്ന് നടത്തി. 1952-ൽ ബാലനടനായി നാടക രംഗത്ത് കടന്നുവന്ന കെ.എം. ഷാ സ്കൂൾ നാടകങ്ങളിലൂടെയും വായനശാല കൂട്ടായ്മയിലൂടെയും അഭിനയ രംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു.
അന്തരിച്ച നാടകകൃത്ത് പറവൂർ ജോർജ് ഷായുടെ ഗുരുവും വഴികാട്ടിയുമായിരുന്നു.ആലുവ ശാരിക കെ.എം. ഷായുടെ ജീവശ്വാസമായിരുന്നു. വളരെ ചെറുപ്പത്തിലെ നാടക കമ്പക്കാരനായ ഷാ യശശരീരനായ ബാലൻ അയ്യമ്പിള്ളിയുമായി കൈകോർത്താണ് ശാരിക നാടക സമിതിയുടെ ഭാഗമായത്.
ശാന്തി മന്ത്രം, സ്വാതി നക്ഷത്രം, പുരുഷധനം, സത്യഗോപുരം എന്നീ നാടകങ്ങളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. നിലവിൽ ശാരികയുടെ സെക്രട്ടറിയാണ്. കലാകാരന്മാരുടെ സംഘടന നന്മയുടെ രൂപീകരണ കാലത്ത് താലൂക്ക് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
സാംസ്ക്കാരിക വകുപ്പ് നൽകുന്നു 1500 രൂപ പെൻഷനാണ് നിലവിലെ ഏക വരുമാനം. കോവിഡ് പ്രതിസന്ധി തീർത്ത അനിശ്ചിതത്വം മറികടക്കാനാകുമെന്നും ശുഭപ്രതീക്ഷയുടെ യവനിക ഉയരുമെന്നുമാണ് ഷായും സഹപ്രവർത്തകരും കരുതുന്നത്.