സന്തോഷ് പ്രിയൻ
കൊല്ലം: സ്റ്റേജിന് മുന്പിലെ ലൈറ്റ് ഓഫ് ആകുന്പോൾ വേദിയിൽ പ്രഫഷണൽ നാടകകലാകാരന്മാരുടെ മികവോടെ കഥാപാത്രങ്ങളായി എത്തുന്നത് പോലീസ് ഓഫീസർമാരാണെന്ന് വിശ്വസിക്കാൻ കാണികൾക്ക് ആദ്യം പ്രയാസം.
പിന്നീട് കർഷകനായും വീട്ടമ്മയായും മകനായും അച്ഛനായും അയൽക്കാരനായും വഴിയാത്രക്കാരിയായും രംഗത്ത് തകർപ്പൻ അഭിനയം കാഴ്ചവയ്ക്കുന്നത് പോലീസ് സേനയിലെ അംഗങ്ങളാണെന്ന് അറിയുന്പോൾ ആസ്വാദകരുടെ മുഖത്ത് വിരിയുന്നത് വിസ്മയവും.
കൊല്ലം ജനമൈത്രി പോലീസ് ബോധവത്കരണത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന പാഠം ഒന്ന് ഒരു മദ്യപാനിയുടെ ആത്മകഥ എന്ന നാടകമാണ് കാണികളുടെ കൈയടി നേടി വേദികളിൽ നിന്നും വേദികളിലേക്ക് മുന്നേറുന്നത്.
മദ്യപാനവും മറ്റ് മയക്കുമരുന്നുകളുടെ ഉപയോഗവും മൂലം ജീവിതവഴിത്താരയിൽ കാലിടറി വീഴുന്ന യുവത്വങ്ങളുടേയും കുടുംബങ്ങളുടേയും കണ്ണീരിന്റെ കഥയാണ് നാടകത്തിന്റെ ഇതിവൃത്തം. അത് സദസ്യർക്ക് മുഷിപ്പില്ലാതെ ഒരു മണിക്കൂർ രംഗപടമുൾപ്പെടെ സാങ്കേതിക മികവോടെ അവതരിപ്പിക്കുകയാണ്.
നാടകത്തിനിടെ തന്റെ മാല പൊട്ടിച്ചുവെന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് കാണികൾക്കിടയിൽനിന്ന് സ്റ്റേജിലേക്ക് ഓടിവരുന്ന സ്ത്രീ കഥാപാത്രവും തോളിൽ ചാക്കുമായി ആക്രിയുണ്ടോ എന്ന് വിളിച്ചു ചോദിച്ച് സദസ്യർക്കിടയിലൂടെ വരുന്ന ആക്രിക്കാരനും ആസ്വാദകർക്ക് വേറിട്ട അനുഭവം നൽകുന്നു.
രണ്ട് വനിതാപോലീസ് ഉൾപ്പെടെ എട്ടു പേരാണ് നാടകത്തിൽ വേഷമിടുന്നത്. ചാത്തന്നൂർ എസിപി ഓഫീസിലെ സബ് ഇൻസ്പെക്ടർ പത്മരാജൻ, എആർ ക്യാന്പ് എസ്ഐ മണിലാൽ, അഞ്ചാലുംമൂട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജോസ്മോൻ,. ഈസ്റ്റ് സിവിൽ പോലീസ് ഓഫീസർ അനൻബാബു, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്ഐ രമേശൻ, എആർ ക്യാന്പ് സിവിൽ പോലീസ് ഓഫീസർ മാഷ്ദാസ്, പരവൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആര്യാദേവി, ചാത്തന്നൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുലേഖ എന്നിവരാണ് നാടകത്തിലെ അഭിനേതാക്കൾ.
ചാത്തന്നൂർ അസി.പോലീസ് കമ്മീഷണർ ജവഹർ ജനാർദ് കഥയും അനിൽ കാരേറ്റ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഗാനങ്ങളും ആലാപനവും കുന്നത്തൂർ ജയപ്രകാശാണ്. കഴിഞ്ഞ നവംബറിൽ തുടങ്ങിയ നാടകം ഇപ്പോൾ 87 സ്റ്റേജുകൾ പിന്നിട്ടു. പരവൂർ കലയ്ക്കോടുള്ള കോളനിയിലായിരുന്നു ഉദ്ഘാടനം.
സ്കൂൾ- കോളജുകളിൽ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നെങ്കിലും ഉത്സവ പറന്പുകളിലും ക്ഷണം കിട്ടുന്നുണ്ട്. പോലീസ് ഡിപ്പാർട്ടുമെന്റാണ് നാടകത്തിനുള്ള ചെലവ് നിർവഹിച്ചുവരുന്നത്.