പാരിപ്പള്ളി: നാടക കലാകാരന്മാരെ അംഗീകരിക്കാൻ സമൂഹം ഇപ്പോഴും വൈമനസ്യം കാട്ടുന്നതായി നാടകകൃത്തും സംവിധായക നുമായ ശ്രീമൂലനഗരം മോഹൻ അഭിപ്രായപ്പെട്ടു. കേരള സംഗീതനാടക അക്കാദമി പോലും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ചലച്ചിത്ര പ്രതിഭകൾക്കാണ് പലപ്പോഴും നൽകുന്നത്.
മലയാള നാടക തറവാട്ടിലെ കാരണവർ ഇപ്പോൾ 106 വയസുള്ള പാപ്പുക്കുട്ടി ഭാഗവതർക്ക് അക്കാദമി അവാർഡ് നൽകിയത് 96-ാം വയസിലാണ്. ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് തോപ്പിൽ ഭാസിയെക്കുറിച്ചോ ജി. ശങ്കരപിള്ളയെക്കുറിച്ചോ കാവാലം നാരായണപണിക്കരെക്കുറിച്ചോ ഒ.മാധവനെക്കുറിച്ചോ ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാരിപ്പള്ളി സംസ്കാരയുടെ പതിമൂന്നാമത് സംസ്ഥാന പ്രഫഷണൽ നാടകമത്സരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ശ്രീമൂലനഗരം മോഹൻ. ഗിരീഷ് കർണാട് നഗറിൽ നടന്ന സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
പാലാ തങ്കം, അഹമ്മദ് മുസ്ലിം, വക്കം മാധവൻ, കാഞ്ഞിപ്പുഴ ശശി എന്നീ നാടക പ്രതിഭകളെ 5000 രൂപ വീതം ഗുരുദക്ഷിണ നൽകി ആദരിക്കുന്ന പരിപാടി നാടക നടൻ വക്കം ഷക്കീർ ഉദ്ഘാടനം ചെയ്തു. അഹമ്മദ് മുസ്ലിം നാടകാനുഭവങ്ങൾ പങ്കുവച്ചു. കലാകാരന്മാരായ കരിങ്ങന്നൂർ ഗോപാലകൃഷ്ണനേയും ആർട്ടിസ്റ്റ് വേളമാനൂർ അഭിലാഷിനേയും ചടങ്ങിൽ ആദരിച്ചു.
കല്ലുവാതുക്കൽ ഗവ.എൽപി സ്കൂൾവിദ്യാർഥി ആദിരാജിന് പഠനസഹായമായി 1000 രൂപ നൽകി. സംസ്കാര സെക്രട്ടറി കെ. പ്രവീണ്കുമാർ, പ്രസിഡന്റ് കെ. രാധാകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു. കണ്ണൂർ നാടകസംഘം കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും എന്ന നാടകം അവതരിപ്പിച്ചു. ഇന്ന് വൈകുന്നേരം 6.30ന് തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം എന്ന നാടകം അവതരിപ്പിക്കും.