കൊച്ചി: നവകേരള ഭാഗ്യക്കുറിയുടെ പ്രചരണത്തിനായി ‘അതിജീവനം’ എന്ന പേരിൽ കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിക്കുന്ന തെരുവു നാടകം ജില്ലയിൽ പര്യടനം തുടങ്ങി. കുടുംബശ്രീയുടെ സാംസ്കാരിക വിഭാഗമായ രംഗശ്രീ അണിയിച്ചൊരുക്കിയ നാടകം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറി.
പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിർമിതിക്കുമായുള്ള പണം സ്വരൂപിക്കുന്നതിനാണ് സർക്കാർ നവകേരള ഭാഗ്യക്കുറി ഇറക്കിയത്. 250 രൂപയാണ് ടിക്കറ്റ് വില. അടുത്ത മാസം മൂന്നിന് നറുക്കെടുക്കുന്ന ലോട്ടറിയിൽ ലക്ഷം പേർക്കാണ് സമ്മാനങ്ങൾ ലഭിക്കുക.
പ്രളയത്തിന്റെ ഭീകരതയും നവകേരള നിർമാണത്തിന്റെ ആവശ്യകതയും വ്യക്തമാക്കുന്ന 15 മിനിറ്റുള്ള നാടകം പ്രളയകാലത്ത് ക്യാന്പുകളിലുണ്ടായ മതേതര കൂട്ടായ്മയും അവതരിപ്പിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളും പിന്നീടുള്ള സർക്കാർ സഹായങ്ങളും അവതരണത്തിലൂടെ എത്തുന്നു. പ്രകൃതിസംരക്ഷണം എന്ന ഓർമപ്പെടുത്തലിലൂടെയാണ് നാടകം അവസാനിക്കുന്നത്.
ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളായ സിന്നി ജോസഫ്, നീന ഗിരീഷ്, ജീജ ഷിജു, സിംല മോൾ, സിന്ധു മോഹനൻ, മോളമ്മ കുമാരൻ, സിമി ശിവൻ, എന്നിവരാണ് കലാ സംഘത്തിലുള്ളത്. ആലുവ റയിൽവെ സ്റ്റേഷൻ, പെരുന്പാവൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡ്, കോതമംഗലം ആലിൻചുവട്, മൂവാറ്റുപുഴ കച്ചേരിത്താഴം എന്നിവിടങ്ങളിൽ ഇന്നലെ അവതരണം നടന്നു. തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷൻ, എറണാകുളം ഹൈക്കോടതി ജംഗ്ഷൻ, ഇടപ്പള്ളി ലുലു മാൾ , കോലഞ്ചേരി എന്നിവിടങ്ങളിൽ ഇന്ന് നാടകം നടക്കും.