ചാത്തന്നൂർ : പാരിപ്പള്ളി സംസ്കാരയുടെ സംസ്ഥാന പ്രഫഷണൽ നാടകമത്സരം നാളെ മുതൽ 17-വരെ പാരിപ്പള്ളി കമ്യൂണിറ്റി ഹാളിൽ നടക്കും. നാളെ വൈകുന്നേരം അഞ്ചിന് നാടകകൃത്ത് ശ്രീമൂലനഗരം മോഹനൻ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. വി.ജയപ്രകാശ് അധ്യക്ഷത വഹിക്കും. കെ.പ്രവീൺകുമാർ, കെ.രാധാകൃഷ്ണപിള്ള എന്നിവർ പ്രസംഗിക്കും.
മലയാള നാടകവേദിയിൽ നാല് പതിറ്റാണ്ട് പിന്നിട്ട പാലാ തങ്കം, അഹമ്മദ് മുസ്ലിം, കാഞ്ഞിപ്പുഴ ശശി, വക്കം മാധവൻ എന്നിവർക്ക് സംവിധായകൻ വക്കം ഷക്കീർ ചടങ്ങിൽ ഗുരുദക്ഷിണ നൽകി ആദരിക്കും. തുടർന്ന് കണ്ണൂർ നാടകസംഘത്തിന്റെ നാടകം-കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും.
11ന് കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി, 12ന് തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം, 13ന് ചങ്ങനാശേരി അണിയറയുടെ നേരറിവ്, 14ന് വള്ളുവനാട് നാദത്തിന്റെ കാരി, 15ന് തിരുവനന്തപുരം ദേശാഭിമാനിയുടെ നമ്മളിൽ ഒരാൾ, 16ന് ഓച്ചിറ സരിഗയുടെ നളിനാക്ഷന്റെ വിശേഷങ്ങൾ, 17ന് തിരുവനന്തപുരം ആരാധനയുടെ ആരാത്രി എന്നീ നാടകങ്ങൾ മത്സരത്തിനായി അവതരിപ്പിക്കും.
എട്ടുദിവസവും നാടകം കാണുന്ന പ്രേക്ഷകരാണ് ഗ്യാലപ് പോളിലൂടെ വിധിനിർണയം നടത്തുന്നത്. 18ന് വൈകുന്നേരം നാലിന് സംസ്കാര ഭവനിൽ ജനപ്രതിനിധികളുടെയും നാടകാസ്വാദകരുടെയും സാന്നിധ്യത്തിൽ വിജയികളെ പ്രഖ്യാപിക്കും. അന്ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ എല്ലാ നാടകങ്ങളെയും കുറിച്ച് പ്രേക്ഷകരുടെ വിലയിരുത്തലും ഉണ്ടാഒന്നുമുതൽ മൂന്നുവരെ സ്ഥാനം നേടുന്ന നാടകങ്ങൾക്ക് യഥാക്രമം 15001, 7501, 5001 രൂപ കാഷ് പ്രൈസും എവർ റോളിംഗ് ട്രോഫിയും നൽകും. മികച്ച സംവിധായകൻ, രചയിതാവ്, നടൻ, നടി, ഹാസ്യനടൻ എന്നിവർക്കും കാഷ് അവാർഡും ട്രോഫിയും ലഭിക്കും.
ഡിസംബർ 15-ന് വൈകുന്നേരം ആറിന് ശിൽപ്പി കാനായി കുഞ്ഞിരാമൻ അവാർഡുകളും ട്രോഫികളും വിതരണം ചെയ്യും. നാടക മത്സരത്തോടനുബന്ധിച്ച് നാല് നിർധന രോഗികൾക്ക് 5000 രൂപ വീതം ധനസഹായവും പാരിപ്പള്ളിയിലെയും പരിസരത്തെയും ഏഴ് പൊതുവിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർ നിർദേശിക്കുന്ന ഏഴ് വിദ്യാർഥികൾക്ക് ആയിരം രൂപ വീതം പഠനസഹായവും നൽകും.