സ്വന്തം ലേഖകൻ
തൃശൂർ: സാംസ്കാരികതലസ്ഥാനത്ത് നാളെ മുതൽ പത്തുനാൾ നാടകപ്പെരുമഴ!! സംസ്ഥാന പ്രഫഷണൽ നാടകമത്സരം നാളെ മുതൽ 11 വരെ തൃശൂർ കെ.ടി മുഹമ്മദ് സ്മാരക തിയേറ്ററിൽ നടക്കും. പത്തു നാടകങ്ങളാണ് മത്സരത്തിനെത്തുന്നത്. സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിൽ കൊല്ലം ആവിഷ്കാരയുടെ അക്ഷരങ്ങൾ എന്ന നാടകമാണ് ആദ്യം ആസ്വാദകർക്ക് മുന്നിലെത്തുന്നത്.
ഓച്ചിറ നാടകരംഗത്തിന്റെ ഇവൻ നായിക, അന്പലപ്പുഴ സാരഥിയുടെ കപടലോകത്തെ ശരികൾ, കായംകുളം സപര്യ കമ്മ്യൂണിക്കേഷൻസിന്റെ ദൈവത്തിന്റെ പുസ്തകം, കോഴിക്കോട് നവചേതന തിയേറ്റർ ഗ്രൂപ്പിന്റെ നയാപൈസ, കോഴിക്കോട് രംഗഭാഷയുടെ നിരപരാധികളുടെ ജീവിതയാത്ര, കൊരട്ടി രജപുത്രയുടെ പകിട, കേരള പീപ്പിൾസ് ആർട്സ് ക്ലബിന്റെ മഹാകവി കാളിദാസൻ, തൃശൂർ സദ്ഗമയയുടെ യന്ത്രമനുഷ്യൻ, അന്പലപ്പുഴ അക്ഷരജ്വാലയുടെ വേറിട്ട കാഴ്ചകൾ എന്നീ നാടകങ്ങൾ തുടർദിവസങ്ങളിൽ അരങ്ങിലെത്തും.
ദിവസവും വൈകീട്ട് ആറിനാണ് നാടകം തുടങ്ങുക.നാടകമത്സരത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 5.30 ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിക്കും. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണ് കെ.പി.എ.സി ലളിത അധ്യക്ഷത വഹിക്കും.