നാദാപുരം: കേരളത്തിലെ ഒട്ടു മിക്ക പ്രൊഫഷണൽ നാടക ട്രൂപ്പുകളിലും പങ്കാളിയായി സംസ്ഥാനത്തങ്ങോളമിങ്ങോളം നാടകങ്ങൾ അവതരിപ്പിച്ചിട്ടുള്ള നാടക നടൻ വളയം അശോകന് മലയാള സിനിമയിലേക്കുള്ള ക്ഷണം വൈകിയെത്തിയ അംഗീകാരം. അമച്വർ നാടക രംഗത്ത് ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ഈ കലാകാരന് സിനിമയിൽ നിരവധി അവസരങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
ഷാനു സമദ് രചനയും സംവിധാനവും നിർവഹിക്കുന്ന ബെൽസി പ്രൊഡക്ഷൻസിന്റെ മൊഹബ്ബത്തിൻ കുഞ്ഞബ്ദുളള, പ്രിയനന്ദൻ സംവിധാനംനിർവഹിക്കുന്ന സൈലൻസർ എന്നീ സിനിമകളിൽ നല്ല വേഷങ്ങളാണ് അശോകന് ലഭിച്ചിരിക്കുന്നത്. രണ്ടു സിനിമകളുടെയും ചിത്രീകരണം പൂർത്തിയായി. കെ.ടി. മുഹമ്മദ് സംവിധാനം ചെയ്ത കോഴിക്കോട് കലിംഗ തിയേറ്റേഴ്സിന്റെ അച്ഛനും ബാപ്പയും എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടാകെ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ഇപ്പോൾ രജപുത്ര തീയേറ്റേഴ്സിന്റെ പകിട എന്ന നാടകമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മിമിക്രി, മോണോ ആക്ട് പരിപാടികളുമായിവിവിധ ജില്ലകളിൽ സഞ്ചരിക്കുന്നതിനിടയിലാണ് പതിനഞ്ചു വർഷങ്ങൾക്ക് മുന്പ്പ്രൊഫഷണൽ നാടക രംഗത്തേക്ക് കടന്നു ചെല്ലുന്നത്.
കൊല്ലം അയനം തിയേറ്റേഴ്സിന്റെ മഴ കാറ്റിനോട് പറഞ്ഞത്, കായംകുളം സപര്യയുടെ സ്വപ്നങ്ങൾ മാത്രം ബാക്കി, കോഴിക്കോട് രംഗഭാഷയുടെ കുറൂളി ചെക്കോൻ, കോഴിക്കോട് ഹിപ്സിന്റെ ചായമക്കാനി, കോഴിക്കോട് പൂജാ, വയനാട് സാന്ദ്ര എന്നിവയുടെ നാടകങ്ങൾ എന്നിവയിലെല്ലാം മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി ഷോർട്ട്ഫിലിമുകളിലും അശോകൻ അഭിനയിച്ചിട്ടുണ്ട്.
പ്രൊഫഷണൽ നാടക മത്സരങ്ങളിൽ ഒന്പത് തവണ മികച്ച നടനായും ഹാസ്യനടനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അംഗീകാരങ്ങൾതേടിയെത്തുന്പോഴും ജീവിത പ്രാരാബ്ദങ്ങകൾക്ക് നടുവിൽ പകച്ചു നില്ക്കുകയാണ് ഈ അന്പതുകാരൻ.
കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത വളയം കുയിതേരിയിലെ കുനിയിൽ വീട്ടിൽ ഏഴു സെന്റ് ഭൂമിയിൽ സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയിൽ അനുവദിച്ചു കിട്ടിയ പണി തീരാത്ത വീട്ടിൽ കഴിയുകയാണ് അശോകനും കുടുംബവും. ഭാര്യ മിനി, അമ്മ ചിരുത. വളയം ഹയർ സെക്കൻഡറിസ്കൂളിൽ എട്ടാം ക്ലാസുകാരിയായ മകൾ അനാമിക എന്നിവർ ഉൾപ്പെട്ടതാണ് അശോകന്റെ കുടുംബം.