തൃശൂർ: നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന സാംസ്കാരിക പൊതു ഇടങ്ങൾ തിരിച്ചുകൊണ്ടുവരാൻ കഴിയണമെന്നു മന്ത്രി എ.കെ. ബാലൻ. പന്ത്രണ്ടാമതു രാജ്യാന്തര നാടകോത്സവം-ഇറ്റ്ഫോക്ക് 2020 ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സാംസ്കാരിക പൊതുഇടങ്ങൾ തിരികേ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് 14 ജില്ലകളിലും സാംസ്കാരിക സമുച്ചയങ്ങൾ ആരംഭിക്കുന്നത്.
നാടക കളരിയായും അവതരണ കേന്ദ്രമായും സമുച്ചയങ്ങൾ പ്രവർത്തിക്കും. പുതിയ പരീക്ഷണങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്ന രീതിയിൽ നാടകത്തെ തിരിച്ചുകൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.നാടകോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അമ്മന്നൂർ മാധവ ചാക്യാർ പുരസ്കാരം മുതിർന്ന നാടക നിരൂപക ശാന്ത ഗോഖലേക്കു മന്ത്രി സമ്മാനിച്ചു. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
അക്കാദമി ചെയർപേഴ്സണ് കെപിഎസി ലളിത അധ്യക്ഷയായി. ഫെസ്റ്റിവൽ പുസ്തകത്തിന്റെ പ്രകാശനം സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനും, ഫെസ്റ്റിവൽ ബുള്ളറ്റിന്റെ പ്രകാശനം സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനനും നിർവഹിച്ചു.
ഫെസ്റ്റിവൽ ഡയറക്ടർ അമിതേഷ് ഗ്രോവർ, സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം ഫ്രാൻസിസ് ടി. മാവേലിക്കര, ജനറൽ കൗണ്സിൽ അംഗം ശ്രീജ ആറങ്ങോട്ടുകര, സ്കൂൾ ഓഫ് ഡ്രാമ വകുപ്പ് മേധാവി ശ്രീജിത്ത് രമണൻ, അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
ബ്രസീലിലെ കംപാനിയ മുൻഗുസ തിയേറ്ററിന്റെ “സിൽവർ എപിഡെമിക്’ ഉദ്ഘാടന നാടകമായി അരങ്ങേറി. കലാമണ്ഡലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച സപ്ത മദ്ദള കച്ചേരിയും ഉണ്ടായിരുന്നു. “ഇമാജിനിംഗ് കമ്യൂണിറ്റീസ്’ എന്നതാണ് ഇത്തവണത്തെ ഇറ്റ്ഫോക്കിന്റെ പ്രമേയം. ഈമാസം 29 വരെ പത്തുദിവസങ്ങളിലായി നടക്കുന്ന ഇറ്റ്ഫോക്-2020ൽ 19 നാടകങ്ങളാണ് അരങ്ങിലെത്തുക.