ഋഷി
തൃശൂർ: നമുക്ക് നാടകശാലകളിൽ ചെന്നു രാപ്പാർക്കാം…അതികാലത്തെഴുനേറ്റ് കൊട്ടകകളിൽ പോയി
അരങ്ങുകൾ തളിർത്തു പൂവിടുകയും കാഴ്ചകൾ പൂക്കുകയും ചെയ്തോയെന്നു നോക്കാം……
നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിട പറഞ്ഞ തൃശൂരിൽ ഇന്നുമുതൽ തീയറ്റർ ഫെസ്റ്റിവലിന്റെ രാപ്പകലുത്സവമാണ്. കടൽ കടന്നെത്തിയവരും നാടുതാണ്ടിയെത്തിയവരും അരങ്ങിൽ കാഴ്ചകളുടെ ഭാണ്ഡം തുറക്കാനൊരുങ്ങുകയാണ്. ലോകനാടകക്കാഴ്ചകൾ കാണാനായി വരിക പൂരനഗരിയിലേക്ക്….
കലാപ്രേമികളെ ഇറ്റ്ഫോക്കിനെക്കുറിച്ച് രണ്ടു വാക്ക്….
ഒരു വ്യാഴവട്ടമാകുന്നു ഇറ്റ്ഫോക്ക് കേരളത്തിന്റെ നാടക കുടുംബത്തിലെത്തിയിട്ട്. ഇത്തവണ പന്ത്രണ്ടാമത് ഇന്റർനാഷണൽ തീയറ്റർ ഫെസ്റ്റിവൽ ഓഫ് കേരളയാണ്.നാടകം കാണുക എന്ന പതിവ് രീതികളിൽ നിന്ന് മലയാളിയേയും നാടകാസ്വാദകരേയും അടിമുടി മാറ്റാനും പുതിയ തീയറ്റർ കാഴ്ചകളും അനുഭവങ്ങളും പരീക്ഷണങ്ങളും കാണിച്ചുതരാനും ഇക്കഴിഞ്ഞ പതിനൊന്ന് ഇറ്റ്ഫോക്കുകൾക്കും കഴിഞ്ഞു.
ഇതും നാടകമാണോ എന്ന് കാണികളെക്കൊണ്ട് ചോദിപ്പിക്കാൻ സാധിക്കുന്പോഴാണ് നാടകം പുതിയ തലങ്ങളിലേക്ക് എത്തുന്നതെന്ന് ഇറ്റ്ഫോക്കിലൂടെ മനസിലായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇറ്റ്ഫോക്കിലെ നാടകങ്ങൾ വെറുതെ കാണാൻ മാത്രമുള്ളതല്ലെന്ന് ആസ്വാദകർ തിരിച്ചറിയുന്നു.
ഞങ്ങൾ ആരംഭിക്കുകയാണ്.
അനുഗ്രഹിച്ചാലും ആശീർവദിച്ചാലും…..
സപ്തമദ്ദളകച്ചേരി കണ്ടിട്ടുണ്ടോ കേട്ടിട്ടുണ്ടോ…..ഇല്ലെങ്കിൽ നാലുമണിക്ക് സംഗീതനാടക അക്കാദമി മുറ്റത്തെത്തിക്കോളൂ
സപ്തസ്വരങ്ങൾ കേട്ടിട്ടുണ്ടെങ്കിലും സപ്തമദ്ദളകച്ചേരി അധികം കേൾക്കാനും കാണാനും വഴിയില്ല. അതൊന്ന് കാണുകയും കേൾക്കുകയും ചെയ്യേണ്ടത് തന്ന്യാ. ഇന്നുവൈകിട്ട് നാലിന് അക്കാദമി മുറ്റത്ത് സപ്ത മദ്ദള കച്ചേരി ഉണ്ട്. ഇറ്റ്ഫോക്കിന് തുടക്കം കുറിക്കുന്നത് അങ്ങിനെയാണ്. കലാമണ്ഡലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന സപ്ത മദ്ദള കച്ചേരി കാണാനും കേൾക്കാനും അക്കാമി മുറ്റത്ത് എത്തിക്കോളൂട്ടോ….
ഒന്പതു രാപ്പകലുകളിൽ അരങ്ങിലെത്തുന്നത്…
ബ്രസീലിലെ കംപാനിയ മുൻഗുസ തിയേറ്റർ അവതരിപ്പിക്കുന്ന “സിൽവർ എപിഡെമിക്’ ആണ് ഉദ്ഘാടന നാടകം. ആക്റ്റർ മുരളി ഓപ്പണ് എയർ തിയറ്ററിൽ വൈകിട്ട് ഏഴിനാണ് അവതരണം.”ഇമാജിനിംഗ് കമ്മ്യൂണിറ്റീസ്’ എന്നതാണ് ഇത്തവണത്തെ ഇറ്റ്ഫോക്കിന്റെ പ്രമേയം. ഇന്നു മുതൽ 29 വരെ പത്തുദിവസങ്ങളിലായി നടക്കുന്ന ഇറ്റ്ഫോക് 2020 ൽ 19 നാടകങ്ങൾ അരങ്ങേറും.
അന്താരാഷ്ട്ര വിഭാഗത്തിൽ ഓസ്ട്രേലിയ, യു.കെ, ഇറാൻ, ബ്രസീൽ, നോർവേ, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നായി ഏഴു നാടകങ്ങളാണുള്ളത്. ദേശീയ വിഭാഗത്തിൽ ബംഗളൂരു, ഹൈദ്രാബാദ്, ഭോപ്പാൽ, ഗോവ, ജയ്പ്പൂർ, പൂനെ എന്നിവിടങ്ങളിൽ നിന്നായി ആറു നാടകങ്ങളുണ്ട്. ആറു മലയാള നാടകങ്ങളും മേളയുടെ ഭാഗമാണ്.
സെമിനാറുകൾ, പെർഫോമൻസ് പോയട്രി, നാടകവുമായി ബന്ധപ്പെട്ട സിനിമകളുടെ പ്രദർശനം എന്നിവയും ഉണ്ടാകും.
അപ്പോ ടിക്കറ്റെടുത്താലോ….
നാടകങ്ങൾ കാണുന്നതിനുള്ള ടിക്കറ്റുകൾ ഓണ്ലൈനായി thetareftseivalkerala.com എന്ന ഇറ്റ്ഫോക് ഒൗദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഇതുകൂടാതെ ഓരോ നാടകം ആരംഭിക്കുന്നതിനും അര മണിക്കൂർ മുന്പ് ബോക്സ് ഓഫീസിലൂടെയും ടിക്കറ്റുകൾ ലഭിക്കും.
ആരാ ഉദ്ഘാടനം……
പന്ത്രണ്ടാമത് രാജ്യാന്തര നാടകോത്സവം ഇന്നു വൈകിട്ട് അഞ്ചിന് കേരള സംഗീത നാടക അക്കാദമി അങ്കണത്തിൽ സാംസ്ക്കാരിക മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയർപേഴ്സണ് കെ.പി.എ.സി ലളിത അധ്യക്ഷത വഹിക്കും. ഫെസ്റ്റിവൽ ഡയറക്റ്റർ അമിതേഷ് ഗ്രോവർ ആമുഖ പ്രഭാഷണം നടത്തും. കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഫെസ്റ്റിവൽ പുസ്തകത്തിന്റെയും തദ്ദേശഭരണ മന്ത്രി എ. സി മൊയ്തീൻ ഫെസ്റ്റിവൽ ബുള്ളറ്റിന്റെയും പ്രകാശനം നിർവഹിക്കും.
നാടകോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അമ്മന്നൂർ പുരസ്ക്കാരം മുതിർന്ന നാടക നിരൂപക ശാന്ത ഗോഖലേക്ക് മന്ത്രി എ കെ ബാലൻ സമ്മാനിക്കും. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.അപ്പോൾ അടുത്ത ഒരു ബെല്ലോടു കൂടി ഇറ്റ്ഫോക്ക് ആരംഭിക്കുകയായി…..