റോം: കളിമണ്‍കോർട്ടിലെ പരമാധികാരം തനിക്കുതന്നെയെന്നു പ്രഘോഷിച്ച് ടെന്നീസ് കോർട്ടിലെ സ്പെയിനിന്റെ ഉരുക്കുമനുഷ്യൻ റാഫേൽ നദാൽ.
ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ ലോക ഒന്നാം നന്പർ താരമായ സെർബിയയുടെ നൊവാക്ക് ജോക്കോവിച്ചിനെ തകർത്ത് രണ്ടാം നന്പറുകാരനായ റാഫ കിരീടത്തിൽ ചുംബിച്ചു, നദാലിന്റെ സ്വതസിദ്ധ രീതിയിൽ പറഞ്ഞാൽ കിരീടത്തിൽ കടിച്ചു. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണു നദാൽ വിജയം കൈപ്പിടിയിലൊതുക്കിയത്. സ്കോർ: 7-5, 1-6, 6-3.
ആദ്യ സെറ്റിൽ ഇഞ്ചോടിഞ്ച് പോരാടിയ ജോക്കോവിച്ച്, രണ്ടാം സെറ്റിൽ നദാലിനെ കടത്തിവെട്ടി. എന്നാൽ, നിർണായകമായ മൂന്നാം സെറ്റിൽ നദാലിന്റെ അപ്രമാദിത്വമായിരുന്നു.
ന്യൂജെൻ
ടെന്നീസ് ലോകത്തിലെ ന്യൂജനറേഷൻ ജോക്കോവിച്ചും താനുമാണെന്നായിരുന്നു മത്സരശേഷം നദാലിന്റെ പ്രഖ്യാപനം. സീസണിൽ നദാലിന്റെ രണ്ടാമത്തെ ക്ലേ കോർട്ട് കിരീടമാണ്. കഴിഞ്ഞ മാസം ബാഴ്സലോണ ഓപ്പണിൽ നദാൽ വിജയിച്ചിരുന്നു.
എന്നാൽ, ഈ മാസം ആദ്യം നടന്ന മാഡ്രിഡ് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ അലക്സാണ്ടർ സ്വരേവിനോട് നദാൽ പരാജയപ്പെട്ടു. ആ പരാജയത്തിന് ഇറ്റാലിയൻ ഓപ്പണ്‍ ക്വാർട്ടറിൽ നദാൽ പകരം വീട്ടി.
ഇനി ഫ്രഞ്ച് ഓപ്പണ്‍
ഇറ്റാലിയൻ ഓപ്പണ്‍ 10-ാം തവണയാണ് സ്പാനിഷ് താരം സ്വന്തമാക്കുന്നത്. ഇതോടെ ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിലേക്ക് ആത്മവിശ്വാസത്തോടെ നദാലിനു സമീപിക്കാം. ഫ്രഞ്ച് ഓപ്പണിൽ നിലവിലെ ചാന്പ്യനാണ് റാഫ.
14-ാം ഫ്രഞ്ച് ഓപ്പണ്‍ ആണ് നദാലിന്റെ സ്വപ്നം. അങ്ങനെയെങ്കിൽ 21 ഗ്രാൻസ്ലാം നേടുന്ന ആദ്യ പുരുഷ സിംഗിൾസ് താരം എന്ന ചരിത്രം സ്പാനിഷ് താരം സ്വന്തമാക്കും.