അകാപുൽകോ: മെക്സിക്കൻ ഓപ്പൺ ടെന്നീസ് സിംഗിൾസ് കിരീടം സ്വന്തമാക്കിയ റഫേൽ നദാൽ റിക്കാർഡിൽ. ഹാർഡ് കോർട്ടിലും ക്ലേ കോർട്ടിലും ചുരുങ്ങിയത് 25 വീതം കിരീടം ഉള്ള രണ്ടാമത് താരം എന്ന നേട്ടമാണു സ്പാനിഷ് താരം സ്വന്തമാക്കിയത്. ഇതിഹാസ താരം ഇവാൻ ലെൻഡൽ മാത്രമാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയത്.
സ്പാനിഷ് താരത്തിന്റെ എടിപി ടൂർ കിരീട എണ്ണം 91 ആയി. ഹാർഡ് കോർട്ടിൽ നദാലിന്റെ കിരീട നേട്ടം 25ൽ എത്തി. ക്ലേ കോർട്ടിൽ 62 കിരീടം നദാലിനുണ്ട്. ലെൻഡലിനു ഹാർഡ് കോർട്ടിൽ 32ഉം ക്ലേ കോർട്ടിൽ 28ഉം കിരീടമാണുള്ളത്.
മെക്സിക്കൻ ഫൈനലിൽ നദാൽ 6-4, 6-4ന് ബ്രിട്ടന്റെ കാമറോണ്‍ നോറിയെ പരാജയപ്പെടുത്തി. മെൽബൺ ഓപ്പൺ, ഓസ്ട്രേലിയൻ ഓപ്പൺ എന്നിവയ്ക്കുശേഷം ഈ വർഷം നദാലിന്റെ തുടർച്ചയായ മൂന്നാം കിരീടമാണ്.