പാരിസ്: കളിമൺ കളിത്തട്ടിലെ രാജകുമാരൻ റാഫേൽ നദാലിന് റൊളാംഗ് ഗാരോസിൽ പത്താം കിരീടം. സ്റ്റാൻ വാവ്റിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി നദാൽ ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി. സ്കോർ: 6-2, 6-3, 6-1. ഒരേ ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ തന്നെ 10 തവണ ചാമ്പ്യനായെന്ന റിക്കാർഡും ഇനി നദാലിന് സ്വന്തം. ഓപ്പൺ എറയിൽ ഒരു പുരുഷ, വനിതാ താരത്തിനും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടമാണ് നദാൽ സ്വന്തമാക്കിയത്.
ഗ്രാൻസ്ലാം ടൂർണമെന്റുകളിലെ നദാലിന്റെ 15–ാം കിരീട നേട്ടം കൂടിയാണിത്. ഇതോടെ നദാൽ സ്വിസ് ഇതിഹാസം റോജർ ഫെഡററിന്റെ നേട്ടത്തിന് മൂന്നു കിരീടം മാത്രം പിന്നിലെത്തി. പ്രധാനടൂർണമെന്റിൽ കലാശപ്പോരിന് ഇറങ്ങിയാൽ കിരീടവുമായി തിരിച്ചുകയറുന്ന വാവ്റിങ്കൻ ചരിത്രവുമാണ് നദാലിനു മുന്നിൽ വഴിമാറിയത്. നേരത്തെ മൂന്നു ഫൈനലുകൾ കളിച്ച വാവ്റിങ്ക മൂന്നിലും ചാമ്പ്യനായിരുന്നു. ഇത്തവണ നദാലിനു മുന്നിൽ ആ റിക്കാർഡിനും ഇളക്കം തട്ടി.