മെൽബണ്‍: ടെന്നീസ് ലോകത്തിലെ 21 കാരറ്റ് തനിത്തങ്കമാണ് താനെന്ന് തെളിയിച്ച് സ്പെയിനിന്റെ റാഫേൽ നദാൽ. ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിൽ കീഴടക്കി നദാൽ കിരീടത്തിൽ മുത്തമിട്ടു. അതും രണ്ട് സെറ്റ് പിന്നിട്ടുനിന്നശേഷം.
മുപ്പത്തഞ്ചുകാരനായ സ്പാനിഷ് കാളക്കൂറ്റന്റെ 21-ാം ഗ്രാൻസ്ലാം കിരീടം. ഇതോടെ പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീട നേട്ടങ്ങളുടെ റിക്കാർഡിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററെയും സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെയും നദാൽ പിന്തള്ളി. ബിഗ് ത്രി എന്നറിയപ്പെടുന്ന ഈ മൂവരും 20 ഗ്രാൻസ്ലാം കിരീടങ്ങളുമായി റിക്കാർഡ് പങ്കിടുകയായിരുന്നു.
5 മണിക്കൂർ 24 മിനിറ്റ്
ഓസ്ട്രേലിയൻ ഓപ്പണ്‍ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കിരീട പോരാട്ടങ്ങളിൽ ഒന്നായിരുന്നു മെൽബണിലെ റോഡ് ലേവർ അരീനയിൽ അരങ്ങേറിയത്. അഞ്ച് മണിക്കൂർ 24 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാൽ വെന്നിക്കൊടി പാറിച്ചത്. സ്കോർ: 2-6, 6-7 (5-7), 6-4, 6-4, 7-5.
ആദ്യ സെറ്റിൽ നദാൽ അടിയുറപ്പിക്കുന്നതിനു മുന്‍പുതന്നെ മെദ്വദേവ് ആധിപത്യം നേടി. തുടക്കം മുതലുള്ള ലീഡ് കളയാതെകാത്ത റഷ്യൻ താരം സെറ്റ് 6-2നു സ്വന്തമാക്കി. രണ്ടാം സെറ്റിൽ നദാൽ ചെറുത്തുനിൽപ്പിന്റെ സൂചനകൾ കാണിച്ചു.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സ്കോർ 7-6ൽ എത്തിയതോടെ ടൈബ്രേക്കറിലേക്ക്. അതിൽ 7-5ന്റെ ജയവുമായി മെദ്വദേവ് തന്റെ രണ്ടാം ഗ്രാൻസ്ലാം കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്തു.
കാളക്കൂറ്റന്റെ കരുത്ത്
കാളക്കൂറ്റന്റെ കരുത്തുമായി തിരിച്ചുവരവ് നടത്തുന്ന റാഫയെയാണ് പിന്നീടു കണ്ടത്. 3-2ന് മെദ്വദേവ് ലീഡ് നേടിയെങ്കിലും 3-3ലും 4-4ലും നദാൽ ഒപ്പം പിടിച്ചു. തുടർന്ന് 6-4ന് സെറ്റ് സ്വന്തമാക്കി നദാൽ ഫൈനൽ പോരാട്ടം നാലാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റിലെ ആദ്യ ഗെയിമും മെദ്വദേവ് ആയിരുന്നു സ്വന്തമാക്കിയത്.
എന്നാൽ, തുടർന്ന് 3-2, 4-3 എന്നിങ്ങനെ മുന്നേറിയ നദാൽ സെറ്റ് 6-4ൽ കൈക്കലാക്കി. അതോടെ കിരീടം നിർണയിക്കാൻ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. അഞ്ചാം സെറ്റിലെ ആദ്യ ഗെയിമും റഷ്യൻ താരമായിരുന്നു സ്വന്തമാക്കിയത്.
എന്നാൽ, മത്സരം പുരോഗമിക്കുന്തോറും കരുത്ത് വർധിച്ച റാഫയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ മെദ്വദേവിനു സാധിച്ചില്ല. അതോടെ ഗ്രാൻസ്ലാം കിരീട നേട്ടത്തിൽ നദാൽ ഉലകനായകനായി.
ഫെഡററിനും ജോക്കോയ്ക്കും സാധിക്കാതിരുന്നത്
20 ഗ്രാൻസ്ലാം നേട്ടം സ്വന്തമാക്കിയശേഷം 21-ാം കിരീടത്തിനായുള്ള ശ്രമത്തിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററും സെർബിയയുടെ നൊവാക് ജോക്കോവിച്ചും പരാജയപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ആദ്യ ശ്രമത്തിൽതന്നെ റാഫ വിജയിച്ചു.
2018 ഓസ്ട്രേലിയൻ ഓപ്പണോടെയാണ് ഫെഡറർ 20 ഗ്രാൻസ്ലാം തികച്ചത്. പിന്നീട് 2019 വിംബിൾഡണ്‍ ഫൈനലിൽ പ്രവേശിച്ചെങ്കിലും 21-ാം കിരീടം നേടാനായില്ല. 2021ൽ ഓസ്ട്രേലിയൻ, ഫ്രഞ്ച്, വംബിൾഡണ്‍ കിരീടങ്ങൾ നേടിയതോടെയാണ് ജോക്കോവിച്ച് 20 ഗ്രാൻസ്ലാമിൽ എത്തിയത്.
പിന്നാലെ 2021 യുഎസ് ഓപ്പണ്‍ ഫൈനലിൽ പ്രവേശിച്ചെങ്കിലും തോൽവി നേരിട്ടു. മെദ്വദേവിനു മുന്നിലായിരുന്നു ജോക്കോ കീഴടങ്ങിയത്.2020 ഫ്രഞ്ച് ഓപ്പണ്‍ ജേതാവായാണ് നദാൽ 20 ഗ്രാൻസ്ലാം തികച്ചത്. പിന്നീട് ഒരു ഗ്രാൻസ്ലാം ഫൈനലിൽ പ്രവേശിക്കുന്നത് ഇതാദ്യമായി.
2021 ഫ്രഞ്ച് ഓപ്പണിനുശേഷം ആറ് മാസം പരിക്കിന്റെ പിടിയിലായ നദാൽ ഗ്രാൻസ്ലാം വേദിയിലേക്ക് തിരിച്ചെത്തുന്നത് ഓസ്ട്രേലിയൻ ഓപ്പണിലൂടെയാണെന്നതും ശ്രദ്ധേയം.21 ഗ്രാൻസ്ലാം നേടുന്നതിനേക്കാളും എനിക്ക് ടെന്നീസ് കളിക്കാൻ സാധിക്കുന്നു എന്നതിൽ സന്തോഷിക്കുന്നു എന്നായിരുന്നു ഫൈനലിനു മുന്‍പ് നദാൽ പറഞ്ഞത്.
കോവിഡ് വാക്സിൻ വിവാദത്തോടെ ജോക്കോവിച്ച് ഓസ്ട്രേലിയയിൽനിന്ന് നാടുകടത്തപ്പെട്ടതിന്റെ എല്ലാ കറകളും നദാലിന്റെ ഈ ചരിത്ര നേട്ടത്തിലൂടെ കഴുകപ്പെട്ടു എന്നതും ശ്രദ്ധേയം. രണ്ടാം തവണമാത്രമാണ് (2009, 2022) ഓസ്ട്രേലിയൻ ഓപ്പൺ നദാൽ സ്വന്തമാക്കുന്നത്.