ലണ്ടൻ: സ്പാനിഷ് താരം റാഫേൽ നദാൽ വിംബിൾഡൺ പ്രീക്വാർട്ടറിൽ കടന്നു. റഷ്യയുടെ കരെൻ ഖചനോവയെ പരാജയപ്പെടുത്തിയാണ് നദാൽ അവസാന 16 ൽ ഇടംപിടിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. ആദ്യ സെറ്റ് 21 മിനിറ്റുകൾകൊണ്ട് സ്വന്തമാക്കിയ നദാലിന് അവസാന രണ്ടു സെറ്റുകളിലും കടുത്ത പോരാട്ടമാണ് നേരിടേണ്ടിവന്നത്. മൂന്നാം സെറ്റ് ടൈബ്രേക്കറിലാണ് നദാൽ സ്വന്തമാക്കിയത്. സ്കോർ: 6-1, 6-4, 7-6 (7-3).
വനിതാ വിഭാഗത്തിൽ സിമോണ ഹാലപ്പും ബ്രിട്ടന്റെ ജൊഹാന കോണ്ടയും അവസാന 16 ൽ കടന്നു. ചൈനയുടെ പെംഗ് ഷുവായിയെ പരാജയപ്പെടുത്തിയാണ് ഹാലപ്പ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ചൈനീസ് താരത്തെ ഹാലപ്പ് വീഴ്ത്തിയത്. സ്കോർ: 6-4, 7-6 (9-7).
ഗ്രീസിന്റെ മരിയ സഖരിയയെ പരാജയപ്പെടുത്തിയാണ് ജൊഹാന നാലാം റൗണ്ടിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു ജൊഹാനയുടെ വിജയം. സ്കോർ: 6-4, 6-1.