മാഡ്രിഡ്: കളിമണ്‍ കോർട്ടിലെ രാജകുമാരൻ എന്ന അറിയപ്പെടുന്ന റാഫേൽ നദാൽ എടിപി റാങ്കിംഗിൽ ഒരു ഇടവേളയ്ക്കുശേഷം തിരിച്ചെത്തി. പുരുഷ ടെന്നീസ് സിംഗിൾസിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ പിന്തള്ളിയാണു സ്പാനിഷ് താരമായ നദാൽ ലോക ഒന്നാം നന്പരായത്.
കരിയറിൽ എട്ടാം തവണയാണ് നദാൽ ലോക റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. ഞായറാഴ്ച നടന്ന പാരീസ് മാസ്റ്റേഴ്സിൽ ജോക്കോവിച്ച് കിരീടം നേടിയെങ്കിലും ഒന്നാം സ്ഥാനത്ത് തുടരാനായില്ല. 2018 നവംബർ നാലിനുശേഷം ആദ്യമായാണു നദാൽ ഒന്നാം റാങ്കിൽ എത്തുന്നത്. പേശിവലിവിനെത്തുടർന്നു പാരീസ് മാസ്റ്റേഴ്സിന്റെ സെമി ഫൈനലിൽനിന്നു നദാൽ പിൻമാറിയിരുന്നു.
സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ മൂന്നാം സ്ഥാനത്തു തുടർന്നപ്പോൾ റഷ്യയുടെ ഡാനിൽ മെദ്വദേവ് നാലാമതും ഓസ്ട്രിയയുടെ ഡൊമിനിക് തീം അഞ്ചാമതുമാണ്. വനിതാ വിഭാഗത്തിൽ ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടിയാണ് ഒന്നാം നന്പർ താരം.