പൂച്ചാക്കൽ (ആലപ്പുഴ): ചലച്ചിത്ര-നാടകനടൻ ആലപ്പുഴ പൂച്ചാക്കൽ ഉളവെയ്പ് കോയിപ്പറന്പിൽ കെ.എൽ. ആന്റണി(75) അന്തരിച്ചു. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയായ മകൾ അന്പിളിയെ കണ്ടുമടങ്ങുംവഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ വച്ചാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ചേർത്തലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
മൃതദേഹം നാളെ രാവിലെ പൂച്ചാക്കൽ ഉളവെയ്പിലെ വീട്ടിൽ പൊതുദർശനത്തിനു വച്ചതിനുശേഷം ഉച്ചകഴിഞ്ഞ് ഉളവെയ്പ് സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിൽ സംസ്കരിക്കും.
അന്പതുവർഷമായി നാടകരംഗത്തെ സജീവ സാന്നിധ്യമായ കെ.എൽ. ആന്റണി മഹേഷിന്റെ പ്രതികാരം സിനിമയിലെ ഫഹദിന്റെ അച്ഛനായ “ചാച്ചൻ’ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമാ ലോകത്തു ശ്രദ്ധേയനാകുന്നത്. ഗപ്പി, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ പത്തോളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കൊച്ചിൻ കലാകേന്ദ്രം എന്ന നാടകസമിതി ഇദ്ദേഹമാണ് രൂപീകരിച്ചത്. പൂച്ചാക്കൽ സ്വദേശിനി ലീനയാണ് ഭാര്യ. അടിയന്തരാവസ്ഥയിൽ വധിക്കപ്പെട്ട രാജനെക്കുറിച്ചെഴുതിയ “ഇരുട്ടറ’ എന്ന നാടകം വലിയ വിവാദമായിരുന്നു. ഇതുകൂടാതെ കലാപം, കുരുതി, മനുഷ്യപുത്രൻ, തെരുവുഗീതം തുടങ്ങിയ നാടകങ്ങൾ എഴുതിയിട്ടുണ്ട്.
മക്കൾ: അന്പിളി (കലവൂർ ഗവ.എച്ച്എസ്എസ്), ലാസർ ഷൈൻ(കഥാകൃത്ത്, നാരദ ന്യൂസ് റസിഡന്റ് എഡിറ്റർ), നാൻസി. മരുമക്കൾ: ബിനോയ് ജോർജ് (കെഎസ്ഇബി), അഡ്വ. മായ കൃഷ്ണൻ, ബിജി (ബിസിനസ്, പാലക്കാട്).