കണ്ണൂർ: വിദേശ ഇനങ്ങൾക്കു മുന്നിൽ കാഴ്ചയിൽ തനി നാടൻ എന്നു പറഞ്ഞ് നാടൻ നായകളെ പുച്ഛിച്ചു തള്ളുന്നവർ ഒരു കാര്യം ഓർക്കുക.
ഏത് വിദേശികളെയും കടത്തിവെട്ടാവുന്ന കായികശേഷിയും പോരാട്ട ശേഷിയും കാര്യക്ഷമതയും യജമാന സ്നേഹവുമുള്ളത് തനി നാടൻ ഇനങ്ങൾക്കാണെന്നതും ഇവയക്കു മുന്നിൽ വിദേശികൾ ഒന്നുമല്ലെന്നും.
കണ്ണൂർ കെനൈൻ ക്ലബ് കെന്നൽ ക്ലബ് ഓഫ് ഇന്ത്യയുമായി സഹകരിച്ചു സംസ്ഥാനത്ത് ആദ്യമായി നടത്തിയ ഇന്ത്യൻ ജനുസ് നായകളുടെ പ്രദർശനത്തോടനുബന്ധിച്ചു നടത്തിയ സെമിനാറിലാണ് തദ്ദേശീയരായ നായകളുടെ ഗുണഗണങ്ങൾ എണ്ണിയെണ്ണി പറഞ്ഞത്.
ഒരു കാലത്ത് രാജപാളയം, മുധോള്‍ ഹൗണ്ട്, കാരവാന് ഹൗണ്ട്, ചിപ്പിപ്പാറയ് എന്നീ ഇനങ്ങൾ നാട്ടുരാജാക്കൻമാർ തന്നെയായിരുന്നു. തമിഴ്നാട് സ്വദേശിയായ രാജപാളയം ചോള, പാണ്ഡ്യ, ചേര രാജാക്കൻമാരുടെ സേനയുടെ ഭാഗമായിരുന്നു.
ഈ രാജാക്കൻമാരുടെ കാലത്ത് സൈന്യത്തിൽ ശ്വാനവിഭാഗം തന്നെ ഉണ്ടായിരുന്നു. ഏത് കാലാവസ്ഥയെയും പ്രതിസന്ധികളെയും നേരിടാൻ ശേഷിയുള്ളവയാണ് ഇന്ത്യയിലെ പ്രധാന ജനുസുകളായ മുധോൾ ഹൗണ്ട്, കാരവാൻ ഹൗണ്ട്, ചിപ്പിപ്പാറയ് എന്നിവയുമെന്നു സെമിനാർ വ്യക്തമാക്കി.
വിദേശ ഇനങ്ങളെ അപേക്ഷിച്ച് പ്രത്യേക പരിഗണന പോലും ആവശ്യമില്ലാത്ത ഇന്ത്യന്‍ ഇനങ്ങള്‍ രോഗപ്രതിരോധ ശേഷിയിലും മുന്നിലാണ്. പരിശീലനം നല്കിയാല് വിദേശ ഇനങ്ങളെ പോലും കടത്തിവെട്ടുന്ന കായികശേഷിയും ബുദ്ധി ശക്തിയുമുളളവയാണ് ഇന്ത്യന്‍ ജനുസുകൾ.
സംസ്ഥാനസേനയിലും പ്രതിരോധ സേനയിലും വരെ ഇന്ന് ഇന്ത്യന്‍ ജനുസുകള്‍ ഇടം നേടിയിട്ടുണ്ട്. കൃഷിയിടങ്ങളിലെത്തുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിനും ഇവ അസാമാന്യ കഴിവും ധീരതയും പ്രകടിപ്പിക്കാറുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ജനുസുകളുടെ കഴിവ് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
മികച്ച യജമാന സ്നേഹവും ധൈര്യവും ഏത് കാലാവസ്ഥയോടു ഇണങ്ങിച്ചേരാന്‍ കഴിയുന്നതുമാണ് ഇന്ത്യന്‍ ജനുസുകളുടെ പ്രത്യേകത.
ഇതിന്റെ അടിസ്ഥാനത്തില്‍ 2022 മുതല്‍ വിദേശ രാജ്യങ്ങളിലെ ഡോഗ് ഷോകളിലും ഇന്ത്യന്‍ ബ്രീഡുകള്‍ക്ക് അവസരം ലഭിക്കുമെന്നും സെമിനാറിൽ സംസാരിച്ച ശ്വാന വിദഗ്ധർ ചൂണ്ടിക്കാട്ടി.
ചടങ്ങ് ജില്ലാ മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.എം.പി.ഗിരീഷ് ബാബു ഉദ്ഘാടനം ചെയ്തു.ഡോ.പത്മരാജ് അധ്യക്ഷത വഹിച്ചു.
നേറ്റീവ് ബ്രീഡ് സ്പെഷ്യാലിറ്റി ക്ലബ് പ്രസിഡന്റ് ഡോ.രവി സേതുമഡൈ ക്ലാസെടുത്തു.ജിയോ ചാക്കോ,നിവേദിത പ്രശാന്ത്,നിഷാന്ത് നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു.
വിദേശികളുടെ കടന്നു വരവോടെ തനത് ജനസുകളുടെ വംശശുദ്ധി നഷ്ടമാകുന്ന അവസ്ഥയിലെത്തിയ സാഹചര്യത്തിൽ ഇന്ത്യൻ ജനുസുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭാരതസർക്കാരിന്റെയും കെന്നൽ ക്ലബ് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ 2005ൽ സേവ് ഇന്ത്യൻ ബ്രീഡ് എന്ന മുദ്രാവാക്യവുമായി നേറ്റീവ് ബ്രീഡ് സ്പെഷാലിറ്റി ക്ലബ് പ്രവർത്തിച്ചു വരുന്നുണ്ട്.
എല്ലാവിധ ഇന്ത്യന്‍ ജനുസുകള്‍ക്കും കെന്നല്‍ ക്ലബ് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ആന്‍ഡ് മൈക്രോ ചിപ്പ് സര്‍ട്ടിഫിക്കറ്റുകളും നേടാൻ ഉടമകള്‍ക്ക് കെന്നല്‍ ക്ലബ് സഹായം നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഫോൺ: 9901766544, 8970768960.