ബിജു ഇത്തിത്തറ
കടുത്തുരുത്തി: നാട്ടിൻപുറത്തെ കർഷകർ ഉദ്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്നും മൂല്യ വർധിത ഉത്പന്നങ്ങളുമായി വനിതകളുടെ ജെഎൽജി യൂണിറ്റുകൾ.
ഞീഴൂർ പഞ്ചായത്തിലെ കാപ്പുന്തല അക്ഷര, വാക്കാട്ടെ മധുരിമ, കടുത്തുരുത്തി പഞ്ചായത്തിലെ വാലച്ചിറയിലെ സെന്റ് ജൂഡ് എന്നീ യൂണീറ്റുകളാണ് ഇതിനോടകം പ്രവർത്തനമാരംഭിച്ചത്.
മൂന്ന് ഗ്രൂപ്പികളിലുമായി 18 അംഗങ്ങളാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ജെഎൽജി യൂണിറ്റുകൾ തുടങ്ങിയത്. ഗ്രൂപ്പുകൾക്ക് ഓരോന്നിനും ജില്ലാ പഞ്ചായത്തിൽ നിന്നും ഡിവിഷൻ മെന്പർ മേരി സെബാസ്റ്റ്യൻ ഇടപെട്ട് മൂന്ന് ലക്ഷം രൂപ വീതം ലഭ്യമാക്കിയിരുന്നു.
ബാങ്കിൽ നിന്നുള്ള 6.50 ലക്ഷം വീതവും അംഗങ്ങളുടെ വിഹിതവും ഉൾപെടെ പത്ത് ലക്ഷം രൂപയിലധികം ഉപയോഗിച്ചാണ് ഓരോ യൂണിറ്റും പ്രവർത്തനമാരംഭിച്ചത്. കർഷകർ ഉദ്പാദിപ്പിക്കുന്ന ചക്ക, കപ്പ, ഏത്തയ്ക്കാ എന്നിവയെല്ലാം ഉപയോഗിച്ചാണ് വിവിധങ്ങളായ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നത്.
യൂണിറ്റിന്റെ പ്രവർത്തനം വളരുന്നതനുസരിച്ചു കർഷകർക്കും കൂടുതൽ വില ലഭിക്കുമെന്നത് നേട്ടമാവും. കൂടാതെ ഗ്രൂപ്പിലെ അംഗങ്ങളെ കൃഷിയിലേക്കു ആകൃഷ്ടരാക്കാനും പദ്ധതിയിലൂടെ കഴിയും.
ഗ്രൂപ്പിന് പുറത്ത് നിന്നുള്ള കർഷകർക്കും അവരുടെ ഉത്പന്നങ്ങൾ സർവീസ് ചാർജ് നൽകി ഉണക്കിയെടുക്കാനും സെന്ററിൽ സൗകര്യമുണ്ടാവും.
മായമില്ലാത്ത ഉത്പന്നങ്ങൾ നാട്ടിൻപുറത്തെ ജനങ്ങൾക്ക് ലഭ്യമാക്കാനും യൂണിറ്റിന്റെ പ്രവർത്തനം സഹായിക്കും. പൈനാപ്പിൾ ഉപയോഗിച്ചുള്ള ജാം, സിറപ്പ്, ജാതിക്കായുടെ തൊണ്ടിൽ നിന്നും ഉത്പാദിപ്പിക്കുന്ന സിറപ്പ് എന്നിവയ്ക്കെല്ലാമുള്ള മെഷീനറികൾ കേന്ദ്രത്തിലുണ്ട്. വ്യവസായ വകുപ്പിന്റെ സഹകരണത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.