പറവൂർ: വേദിയിൽ കോഴിയെ കൊന്ന് പച്ചയ്ക്കു ഭക്ഷിച്ചതു വിവാദമാകുന്നു. ഇഎംഎസ് സാംസ്ക്കാരിക പഠനകേന്ദ്രവും കേരള ഫോക്ലോർ അക്കാഡമിയും ചേർന്ന് കഴിഞ്ഞ ദിവസം അംബേദ്കർ പാർക്കിൽ നടത്തിയ നാടൻ കലാമേളയിലാണ് കോഴിയെ കൊന്ന് പച്ചയ്ക്കു ക്ഷിക്കുന്നത് അവതരിപ്പിച്ചത്.
കണ്ണൂർ സരിത് ബാബുവും സംഘവും അവതരിപ്പിച്ച നിണബലി എന്ന തെയ്യം കലാരൂപത്തിന്റെ ഭാഗമായായിരുന്നു അവതരണം. എന്നാൽ പൊതുവേദിയിൽ ഇത്തരമൊരു പരിപാടി നടത്തിയതിനെതിരേ പ്രതിഷേധവുമായി നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പാണ് രംഗത്തെത്തിയത്. ജനക്കൂട്ടത്തിന്റെ മുന്നിൽവച്ചു കോഴിയെ കൊന്നുതിന്നുന്നതു ക്രൂരതയാണ്. ഇഎംഎസിനെ പോലെയുള്ള ഒരാളുടെ പേരിൽ രൂപികരിച്ച സംഘടന ഇതു നടത്തുന്നത് അദ്ദേഹത്തോടുള്ള അനാദരവാണെന്ന് കുറുപ്പ് പറഞ്ഞു.
എന്നാൽ ഫോക്ലോർ അക്കാഡമി അംഗീകരിച്ച, ഉത്തരമലബാറിൽ പ്രചാരത്തിലുള്ള അനുഷ്ഠാന കലാരൂപമാണ് അവതരിപ്പിക്കപ്പെട്ടതെന്നാണ് ഇഎംഎസ് സാംസ്കാരിക പഠനകേന്ദ്രത്തിന്റെ വാദം. ഒട്ടേറെ വേദികളിൽ ഇതേ സംഘം നിണബലി അവതരിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.