സ്വന്തം ലേഖകൻ
തൃശൂർ: വല്ലച്ചിറ പാടത്തെ പച്ചപ്പിനു നടുവിൽ രണ്ടു വർഷമായി ഒരുക്കിയെടുത്ത നാടക ദ്വീപിനു ഞായറാഴ്ച തിരശീല ഉയരും. 34 സെന്റ് സ്ഥലത്ത് നാലായിരം ചതുരശ്രയടി വിസ്തീർണമുള്ള നിർമിതിയിലാണു റിമന്പറൻസ് തിയേറ്റർ ഗ്രൂപ്പിന്റെ നാടക ദ്വീപ് സജ്ജമാക്കിയിരിക്കുന്നത്.
നാടകവേദിയും ചെറിയ ഓഡിറ്റോറിയവും പത്തു പേർക്കു താമസിക്കാനുള്ള സൗകര്യവും ഈ നാടക ദ്വീപിലുണ്ട്. നാടക പരിശീലനത്തിനും അവതരണത്തിനുമെല്ലാം ഈ വേദി തുറന്നുകൊടുക്കാനാണു പരിപാടി.
നാടക രചയിതാവും സംവിധായകനുമായ ശശിധരൻ നടുവിലാണ് നാടകത്തിനായി ഇങ്ങനെയൊരു സ്വപ്ന ദ്വീപ് സജ്ജമാക്കിയത്. നാടക, സിനിമാ രംഗത്തെ പ്രതിഭയായ ജോസ് ചിറമ്മലിനു സ്മാരകമായാണ് നാടകദ്വീപ് നിർമിച്ചത്.
ജോസ് ചിറമ്മലിന്റെ ആരാധകനാണു താനെന്ന് ശശിധരൻ അഭിമാനത്തോടെ പറയും. ഒന്നിച്ചു പ്രവർത്തിച്ചിട്ടുമുണ്ട്. പാലക്കാട് എൻഎസ്എസ് എൻജിനിയറിംഗ് കോളജിൽ 22 വർഷം നാടകം അഭ്യസിപ്പിച്ചിട്ടുണ്ട്.
അവിടെ പഠിച്ചിരുന്ന വിദ്യാർഥികളുടെയും പ്രവാസികൾ അടക്കമുള്ളവരുടേയും സഹായത്തോടെയാണ് നാടകദ്വീപ് സജ്ജമാക്കിയത്.
മരത്തടികൊണ്ടു നിർമിച്ച പാലത്തിലൂടെ നടന്നുവേണം പാടശേഖരത്തിനു നടുവിലെ ദ്വീപിലേക്കു പ്രവേശിക്കാൻ. ശശിധരൻ നേതൃത്വം നൽകുന്ന റിമന്പറൻസ് തിയേറ്റർ ഗ്രൂപ്പിന്റെ ആറു വർഷത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം ആറിനു മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് അധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എംപി, ടി.എസ്. കൃഷ്ണമാചാരി തുടങ്ങിയവർ പങ്കെടുക്കും. രാത്രി എട്ടിന് ഇവിടെ ആദ്യ നാടകം അരങ്ങേറും. റിമന്പറൻസ് ഗ്രൂപ്പിന്റെ കിഴവനും കടലും ആണ് ആദ്യ നാടകം.