ജിബിന്‍ പാലാ
പുതുപ്പള്ളി: നാടന്‍ പന്തുകളിയുടെ ആവേശത്തില്‍ വെട്ടും തടയും നടത്തുന്ന പുതുപ്പള്ളിയുടെ രാഷ്ട്രീയപ്പോരാട്ടത്തില്‍ ഇത്തവണ ആരു വെട്ടും ആരും തടയും, ആരു ചക്കരക്കൊട്ടും ആനത്തലയും എത്തിക്കും. പുതുപ്പള്ളിക്കൊപ്പം കേരളക്കര ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയുടെ സ്വന്തം കായിക ഇനമാണ് നാടന്‍ പന്തുകളി. ഇന്ത്യന്‍ സൂപ്പര്‍ ലീഗും പ്രീമിയര്‍ ലീഗും കളം നിറയും മുമ്പ് പുതുപ്പള്ളിക്കാര്‍ നെഞ്ചേറ്റിയതാണ് നാടന്‍ പന്തുകളി.
മണ്ഡലത്തിലെ ഓരോ മൈതാനത്തിനും നാടന്‍ പന്തുകളിയുടെ കഥ പറയാനുണ്ട്. മറ്റുള്ള പ്രദേശങ്ങളിലെ കുട്ടികള്‍ ക്രിക്കറ്റിനും ഫുട്ബോളിനും പിന്നാലെപോകുമ്പോള് പുതുപ്പള്ളിയിലെ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നാടന്‍ പന്തുകളിയുടെ പിന്നാലെയാണ്.
പുതുപ്പള്ളി, വാകത്താനം, മീനടം, പാമ്പാടി, മണര്‍കാട്, വെള്ളൂര്‍, തോട്ടയ്ക്കാട്, അമയന്നൂര്‍, കൂരോപ്പട എന്നിവടങ്ങളിലായി 32 നാടന്‍ പന്തുകളി ടീമാണ് പുതുപ്പള്ളിയിലുള്ളത്. കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും പുതുപ്പള്ളിയില്‍ നടക്കുന്ന നാടന്‍ പന്തുകളി മത്സരത്തില്‍ പതിനായിരങ്ങളാണു കളി കാണുവാനായി എത്തുന്നത്.
എല്ലാവര്‍ഷവും ഓണക്കാലത്തു തുടങ്ങുന്ന നാടന്‍ പന്തുകളി സീസണ് മേയ് വരെ നീണ്ടുനില്‍ക്കും. പുതുപ്പള്ളി സ്കൂള്‍ ഗ്രൗണ്ടാണ് നാടന്‍ പന്തുകളിയുടെ പ്രധാനകേന്ദ്രം. തുകല്‍ ഉപയോഗിച്ച് ഉണ്ടാക്കിയ പന്താണു സാധാരണ ഉപയോഗിക്കുക.
എണ്ണം പറഞ്ഞു കൈകൊണ്ടു പന്ത് എറിഞ്ഞും കാലുകൊണ്ട് അടിച്ചുമാണു കളിക്കുന്നത്. പന്ത് എതിര് ടീമിന്റെ അതിര്‍ത്തിക്കപ്പുറത്തേക്ക് അടിച്ചുകളഞ്ഞാണ് എണ്ണം അഥവാ പോയിന്റ് നേടുന്നത്.
കാഷ് പ്രൈസും എവറോളിംഗ് ട്രോഫിയും ഉള്‍പ്പെട വലിയ സമ്മാനങ്ങളാണ് ഓരോ മത്സരത്തിനുമുള്ളത്. കമ്പംമെട്ട്, പുറ്റടി തുടങ്ങി ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പുതുപ്പളളിയില്‍ മത്സരത്തിനെത്താറുണ്ട്.
അടുത്ത നാളില്‍ വെള്ളൂര്‍ പിടിഎം ഗ്രൗണ്ടില്‍ ചരിത്രത്തിലാദ്യമായി ഫ്ള്ഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന നാടന്‍ പന്തുകളി മത്സരം കാണാന്‍ വൻ ജനക്കൂട്ടമാണെത്തിയത്.
മീനടം സ്വദേശി സതീഷ് വര്‍ക്കി രക്ഷാധികാരിയും കെ.എസ്. സന്ദീപ് പ്രസിഡന്റും ബിബിലും സെക്രട്ടറിയുമായ നേറ്റീവ് ബോള്‍ ഫെഡറേഷന് ഓണത്തിനോടനുബന്ധിച്ച് നാടന്‍ പന്തുകളി മത്സരം നടത്താനുള്ള തയാറെടുപ്പിലാണ്.
കഴിഞ്ഞ വര്‍ഷം മാറ്റിവച്ച ഫെഡറേഷന് സംസ്ഥാനതല മത്സരത്തിന്റെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ 26മുതല്‍ 29 വരെ പുതുപ്പള്ളിയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
തിരുവോണ ദിവസം ഉച്ചകഴിഞ്ഞാണ് ഫൈനല്‍ മത്സരം. നാടന്‍ പന്തുകളിയുടെ സ്നേഹത്തില്‍ ആരംഭിച്ച കൂട്ടായ്മകള്‍ ഇന്ന് പുതുപ്പള്ളിയില്‍ സായാഹ്ന കൂട്ടായ്മകളായും ക്ലബുകളായും രൂപപ്പെട്ടിണ്ട്.
യുഡിഎഫും എൽഡിഎഫും എൻഡിഎയും തെരഞ്ഞെടുപ്പില്‍ വെട്ടിയും തടഞ്ഞും മുന്നേറുമ്പോള്‍ പുതുപ്പള്ളിക്കാരുടെ മനസിൽ ഒരു വികാരമേയുള്ളൂ, അതു നാടൻ പന്തുകളിയാണ്!