വേലിക്കകത്ത്..! നടപ്പാത അയല്‍വാസി വേലി കെട്ടിതിരിച്ചതു മൂലം പുറത്തിറങ്ങാനാവാതെ ഒരു കുടുംബം;ഇപ്പോള്‍ കുട്ടികള്‍ സ്കൂളിലും പോകുന്നില്ല

fb-veli

ചവറ: നിലവില്‍ ഉണ്ടായിരുന്ന വഴി അയല്‍വാസി വേലി കെട്ടിയടച്ചതോടെ പുറത്തിറങ്ങാനാകാതെ വലയുകയാണ് നിര്‍ധന കുടുംബം. കാലങ്ങളായി ഉപയോഗിക്കുന്ന വഴി വേലി കെട്ടിയടച്ചതോടെ പുറത്തേക്കിറങ്ങാനോ കുട്ടികള്‍ക്ക് പഠിക്കാന്‍ പോകാനോ ആകാത്ത അവസ്ഥയിലാണ് ചവറ തേവലക്കര പാലയ്ക്കല്‍ ഐക്കര വീട്ടില്‍ രാധാകൃഷ്ണന്‍ നായരും കുടുംബവും.

കശുവണ്ടിത്തൊഴിലാളിയായ ഭാര്യയും എട്ടിലും പത്തിലും ക്ലാസുക ളില്‍ പഠിക്കുന്ന രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തെ ഇത് കാരണം വീട്ടില്‍ പോലും നിര്‍ത്തിയിട്ട് ജോലിക്ക് പോകാനാകാത്ത അവസ്ഥയിലാണ് കൂലിപ്പണിക്കാരനായ രാധാകൃഷ്ണന്‍ നായര്‍. വെറും 20 മീറ്റര്‍ നടന്നാല്‍ റോഡിലെത്താവുന്ന വഴിയാണ് അയല്‍വാസിയായ സ്ത്രീയും മക്കളും വേലി കെട്ടിയതോടെ അടഞ്ഞ് ഇല്ലാതായത്. രാധാകൃഷ്ണന്റെ കുടുംബ സ്വത്തായിരുന്ന ഭൂമി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പലര്‍ക്കായി വിറ്റിരുന്നു.

പുതുതായി താമസത്തിനെത്തിയ അയല്‍വാസിയാണ് മൂന്ന് വര്‍ഷമായി തുടരുന്ന തര്‍ക്കത്തിന്റെ ഭാഗമായി വേലി കെട്ടിയത്. രാധാകൃഷ്ണന്‍ കരുനാഗപള്ളി മുന്‍സിഫ് കോടതിയിലും റവന്യൂ അധികൃതര്‍ക്കും ഉന്നത പോലീസ് അധികൃതര്‍ക്കും പല തവണ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വഴി തടയരുതെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ നല്‍കിയെങ്കിലും കേസ് കോടതിയില്‍ എത്തിയപ്പോള്‍ വിധി അയല്‍വാസിക്ക് അനുകൂലമാക്കിയെന്ന് രാധാകൃ ഷണന്‍ പറയുന്നു.

സ്വന്തമായി കിണറോ പൈപ്പ് ലൈനോ പോലുമില്ലാത്ത വീട്ടുകാര്‍ അയല്‍ വീട്ടില്‍ നിന്നും വെള്ളം കൊണ്ട് വരാന്‍ പോലുമാകാതെ ബുദ്ധിമുട്ടുകയാണ്. വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന വീട്ടുകാരുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ പുറത്തേക്കിറങ്ങുന്നത്. അയല്‍വാസികളും രാഷ്ര്ടീപാര്‍ട്ടിക്കാരും പല തവണ വഴി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തി എങ്കിലും നടക്കാന്‍ പാടില്ലെന്ന കര്‍ശന നിലപാടാണ് അയല്‍ വാസി സ്വീകരിച്ചതെന്നും സമീപത്തെ വീട്ടുകാര്‍ പറയുന്നു.

വടക്കുംതല ഹൈസ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ഭയന്നാണ് വീട്ടില്‍ കഴിയുന്നത് പോലും. കശുവണ്ടി ഫാക്ടറി തൊഴിലാളിയായ ഭാര്യ സിന്ധു ജോലിക്ക് പോലും പോകാതെ കുട്ടികള്‍ക്ക് കാവലിരിക്കേണ്ട ഗതികേടിലാണ്. പുറത്ത് നിന്നു പോലും ആര്‍ക്കും വീട്ടിലേക്ക് വരാനാകാത്ത അവസ്ഥയായതോടെ എന്ത് ചെയ്യുമെന്ന ആശങ്കയില്‍ മനസ് മരവിച്ച സ്ഥിതിയിലാണ് രാധാകൃഷ്ണന്‍ നായരും കുടുംബവും.

Related posts