കാസർഗോഡ്: കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം കനത്ത മഴയിൽ ഒലിച്ചുപോയി. കാസർഗോട്ടെ അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലത്തിന്റെ ഒരു ഭാഗമാണ് കനത്ത മഴയിലും വെള്ളപാച്ചിലിലും തകർന്നത്.
നീലേശ്വരം നഗരസഭയെയും ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ നടപ്പാലം ഏതു സമയത്തും തകർന്നു വീഴുമെന്ന നിലയിലായിരുന്നു. കോണ്ക്രീറ്റ് തൂണുകളും മരത്തിന്റെ പലകകളും ഉപയോഗിച്ചാണു പാലം നിർമിച്ചിരുന്നത്.
കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമാണ് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം. തേജസ്വിനി പുഴയിലെ നീരൊഴുക്ക് ശക്തമായതാണ് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം തകരാൻ കാരണം.
റോഡ് വഴി പാലം വരുന്നതിനു മുന്പ് അച്ചാംതുരുത്തി ദ്വീപ് നിവാസികൾ കോട്ടപ്പുറത്തെത്തിയിരുന്നത് ഈ നടപ്പാലം വഴിയായിരുന്നു. പുതിയ പാലം വന്നുവെങ്കിലും നടപ്പാലം പൊളിച്ചു മാറ്റിയില്ല. കാൽനടക്കാർ നിരവധി പേർ ഇതുവഴി കടന്നു പോയിരുന്നു.