കറുകച്ചാല്‍: 16 വര്‍ഷമായി ഉപയോഗിച്ചുകൊണ്ടിരുന്ന നടപ്പുവഴി അയല്‍വാസി കെട്ടിയടച്ചതുമൂലം വീട്ടിലെത്താന്‍ മാര്‍ഗമില്ലാതെ വലയുന്നതായി പെണ്‍കുട്ടികളടങ്ങുന്ന കുടുംബം ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
നെടുംകുന്നം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുള്ളോലില്‍ കലംകെട്ടിമാക്കല് പ്രേമചന്ദ്രന് (സാബു) കുടുംബമാണ് പരാതിക്കാര്‍. 2000 മാര്‍ച്ച് മുതല്‍ വീട്ടിലേക്ക് ഇവര്‍ ഉപയോഗിച്ചിരുന്ന വഴിയാണ് കഴിഞ്ഞ 30ന് അയല്‍വാസി കെട്ടിയടച്ചതെന്ന് പരാതിയില്‍ പറയുന്നു. 2013–ല്‍ അയല്‍വാസി ഇവരുടെ വഴി തടഞ്ഞ് കോടതിയില്‍ നിന്നും ഇന്ഞ്ചക്ഷന് ഓര്‍ഡര്‍ സമ്പാദിച്ചിരുന്നു. ഇതിനെതിരെ ചങ്ങനാശേരി സിവില്‍ കോടതിയില്‍ സാബു നല്കിയ പരാതിയില്‍ കേസ് നടന്നുവരികയാണ്.
കഴിഞ്ഞമാസം മുപ്പതിന് അയല്‍വാസി ഇവരുടെ വഴിയടച്ചതിനെതുടര്ന്ന് പഠനത്തിനു പോയി തിരിച്ചു വന്നപ്പോള്‍ വീട്ടില്‍ കയറാന്‍ മാര്ഗമില്ലാതായതിനെതുടര്ന്ന് പെണ്‍കുട്ടികള്‍ മണിക്കുറുകളോളം സമീപത്തെ പഞ്ചായത്ത് റോഡില്‍ നില്‍ക്കുകയും കറുകച്ചാല്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് പെണ്‍കുട്ടികളെ വീട്ടിലേക്ക് കടത്തിവിട്ടതെന്നും വീട്ടിലെത്താന്‍ മറ്റു വഴിയില്ലെന്നും കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.