മടുക്ക: രോഗികളെയും പ്രായമായവരെയും ചുമന്ന് റോഡിലെത്തിച്ച് വാഹനത്തിൽ കയറ്റേണ്ട ഗതികേടിൽ ഒരു നാട്. കണ്ണെത്തും ദൂരത്ത് വാഹനം പോകുന്ന റോഡുണ്ട്. പക്ഷേ അവിടെ എത്തണമെങ്കിൽ ചവിട്ടുപടികൾ കുറേ താണ്ടണം. ലോറിക്ക് കടന്നുപോകുവാൻ വീതിയുള്ള വഴിയാണെങ്കിലും നടകൾ കയറി വേണം ഇവിടത്തുകാർക്ക് വാഹനമെത്തുന്ന റോഡിലേക്ക് എത്തുവാൻ. കോരുത്തോട് പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിലാണ് നാട്ടുകാർക്ക് ദുരിതം വിതയ്ക്കുന്ന ഈ നടപ്പാത.
മടുക്ക മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന രോഗിയായ കീചാലിൽ അനിൽകുമാറി (48) നെ വാഹന സൗകര്യത്തിന്റെ പരിമിതിമൂലം ആളുകൾ ചുമന്നുകൊണ്ട് ആശുപത്രിയിൽ എത്തിക്കേണ്ട ഗതികേടിലാണ്. പ്രമേഹം മൂർച്ഛിച്ച് ഒരു കാൽ മുറിച്ചു കളഞ്ഞു. അന്നുമുതൽ കിടപ്പുരോഗിയാണ്. അതിന് പുറമേ ഇപ്പോൾ ഹൃദ്രോഗവും. രോഗം മൂലം ദുരിതത്തിലായ കുടുംബത്തിന്റെ ഏറ്റവും വലിയ ദുരിതം വീട്ടിലേക്ക് വാഹനമെത്തില്ല എന്നതു തന്നെയാണ്.
കിടപ്പ് രോഗിയായ മോഹനന് പെട്ടെന്ന് രോഗം മൂർച്ഛിച്ചാൽ രണ്ടുപേർ ചേർന്ന് എടുത്തു കൊണ്ട് വേണം ആശുപത്രിയിലേക്കും തിരികെ വീട്ടിലേക്കും കൊണ്ടുവരുവാൻ. അനിൽ കുമാറിന്റെ ഭാര്യ രജനിയും മകൻ റെനീഷും അയൽപക്കത്തുള്ള യുവാക്കളും ചേർന്നാണ് പലപ്പോഴും ആശുപത്രിയിലേക്കും തിരിച്ചും കൊണ്ടു പോകുന്നത്. ആദ്യമൊക്കെ കസേരയിൽ ഇരുത്തി എടുത്തുകൊണ്ടു പോകുമായിരുന്നെങ്കിലും പിന്നീട് ഇപ്പോൾ കയ്യിൽ എടുത്തുകൊണ്ടാണ് പോകുന്നതെന്ന് ഇവർ പറയുന്നു.
ഇവർ ഉൾപ്പെടെ 13 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നാട്ടുകാർക്ക് ദുരിതമായ നട പൊളിച്ചുമാറ്റി വാഹനം എത്തുന്ന രീതിയിൽ റോഡ് നിർമിച്ചാൽ ഈ കുടുംബങ്ങളുടെ ദുരവസ്ഥയ്ക്ക് പരിഹാരമാകും. കുറെ കുടുംബങ്ങൾക്ക് നടപ്പുവഴി മാത്രമാണ് ആശ്രയം. അങ്ങോട്ടേക്കും ഈ വഴിനീട്ടിയാൽ അത്രയും കുടുംബങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം സാധ്യമാക്കുവാൻ കഴിയും.
നടകൾ പൊളിച്ചുമാറ്റി റോഡാക്കി മാറ്റുവാൻ വലിയ ഫണ്ടിന്റെ ആവശ്യമൊന്നുമില്ല നാട്ടുകാർ പറയുന്നു. അടിയന്തരമായി കോരുത്തോട് പഞ്ചായത്ത് ഇടപെട്ട് ഇവിടുത്തെ ആളുകളുടെ ദുരിത ജീവിതത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.