തലയോലപ്പറന്പ്: വീട്ടിലേക്കുള്ള നടപ്പുവഴി അയൽവാസി കെട്ടിയടച്ചതോടെ പുറത്തിറങ്ങാൻ കഴിയാതെ വിധവയും രണ്ട് കുട്ടികളുമടങ്ങുന്ന നിർധന കുടുംബം. വെള്ളൂർ പഞ്ചായത്ത് എട്ടാം വാർഡ് ഇറുന്പയം പുതുപ്പനത്ത് അജിതയും കുട്ടികളുമാണ് അയൽവാസി വഴിഅടച്ചു കെട്ടിയതോടെയാണ് ദുരിതത്തിലായത്. വീടു വയ്ക്കാൻ ഇവർക്ക് വസ്തു നൽകിയ അയൽവാസിയുടെ മകനാണ് ഇവരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ ഉൾപ്പടെയുള്ള അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വിധവയായ വീട്ടമ്മ പറയുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപാണ് അജിതയുടെ ഭർത്താവ് നടരാജൻ രണ്ട് സെന്റ് സ്ഥലം അയൽവാസിയിൽ നിന്നു വാങ്ങിയത്.
ഏതാനും മാസങ്ങൾക്കു മുൻപ് പഞ്ചായത്തിന്റെയും അജിതയുടെ മകൾ പഠിക്കുന്ന സ്കൂളിന്റെയും സഹായത്തോടെ വീട് പണി ഏറെക്കുറെ പൂർത്തീകരിച്ച് കയറി താമസിക്കുകയായിരുന്നു. ഒന്നര മാസം മുൻപ് രോഗിയായ ഭർത്താവ് മരിച്ചതോടെ ദിവസങ്ങൾക്കകം അയൽവാസി വഴി കെട്ടിയടയ്ക്കുകയായിരുന്നു.
അയൽവാസിയുടെ പിതാവിൽ നിന്നു സ്ഥലം വാങ്ങിയപ്പോൾ വാക്കാൽ നടപ്പവകാശം ഉണ്ടായിരുന്നുവെങ്കിലും നടപ്പുവഴി വേണമെങ്കിൽ പണം നൽകി വാങ്ങണം എന്ന് പറഞ്ഞ് വഴി അടക്കുകയായിരുന്നു. മുന്നറിയിപ്പ് പോലും നൽകാതെ വഴിയടച്ചതോടെ കുടിവെള്ളം കൊണ്ടുവരാൻ പോലും പറ്റാത്ത സ്ഥിതിയിലാണിവർ.
അതേസമയം പരാതിയുടെ അടിസ്ഥാനത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നതായും സ്ഥല സംബന്ധമായ കേസിൽ പൊലീസിന് ഇടപെടുന്നതിൽ പരിമിതികളുണ്ടെന്നും വെള്ളൂർ എസ്ഐ മഞ്ജു ദാസ് പറഞ്ഞു.