നാദാപുരം: ഹോട്സ്പോട്ടുകളിലെ അടച്ചിട്ട റോഡുകൾ തുറന്നുകൊടുത്തു.റോഡ് അടയ്ക്കാൻ ഉപയോഗിച്ച ബാരിക്കേഡുകൾ നീക്കി തുടങ്ങി.
കോഴിക്കോട് ജില്ല റെഡ് സോണായിരുന്നപ്പോൾ കോവിഡ് രോഗം സ്ഥിരീകരിച്ച നാദാപുരം പഞ്ചായത്തിലെ പതിനഞ്ചാം വാർഡും ചെക്യാട് പഞ്ചായത്തിലെ പത്താം വാർഡുമായിരുന്നു ഹോട്സ് പോട്ടുകളായി പ്രഖ്യാപിച്ചത്.
രണ്ട് വാർഡുകളിലേക്കുള്ള റോഡുകളും ഊടുവഴികളും പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിരുന്നു. പിന്നീട് രണ്ടാഴ്ച്ചയ്ക്ക് ശേഷം ഹോട്ട്സ്പോട്ടുകൾ ഒഴിവാക്കിയതോടെ പോലീസ് ഗതാഗതത്തിന് തുറന്ന് കൊടുക്കുകയായിരുന്നു.
ലോക്ക്ഡൗണിന് ശേഷം ടൗണുകളിൽ വാഹന ഗതാഗതം വർദ്ധിച്ചതോടെ വാഹനങ്ങൾ തോന്നിയപോലെയാണ് കടന്ന് പോകുന്നതെന്നും പാർക്കിംഗ് നിയന്ത്രണമില്ലെന്നും കഴിഞ്ഞ ദിവസം നാദാപുരത്ത് ചേർന്ന അവലോകന യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു.
ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച ഹോട്സ്പോട്ടുകളായിരുന്ന കേന്ദ്രങ്ങളിൽ നിന്ന് ബാരിക്കേഡുകൾ എടുത്ത് മാറ്റിയത്.