നാദാപുരം:മോഷണക്കുറ്റം ആരോപിച്ച് വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ മണിക്കൂറുകളോളം തടഞ്ഞ് വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് നാദാപുരത്തും ,കല്ലാച്ചിയിലും സംഘര്‍ഷാവസ്ഥ കല്ലാച്ചിയില്‍ പോലീസ് ലാത്തി വീശി.യുവതിയെ തടഞ്ഞ് വെച്ച സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ രണ്ട് ജീവനക്കാരെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു.
പുളിയാവ് സ്വദേശി പാറോളിക്കണ്ടിയില്‍ കുഞ്ഞബ്ദുള്ള (54),പുറമേരി മുതുവടത്തൂര്‍ സ്വദേശി ആയനിതാഴെ കുനി സമദ് (25) എന്നിവരെയാണ് ഐ പി സി 342,330,506 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. നാദാപുരം ‘ബസ്സ് സ്റ്റാന്റിന് പിൻവശത്തെ റൂബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റ് പാത്രപുരയിലാണ് സംഭവം.
തൂണേരി സ്വദേശിയായ യുവതിയെ ആണ് ബില്ലില്‍ ചേര്‍ക്കാത്ത സാധനങ്ങള്‍ എടുത്തെന്നാരോപിച്ച് സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ തടഞ്ഞ് വെച്ചത്.രാവിലെ മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയാണ് ഭക്ഷണമോ,വെള്ളമോ നല്‍കാതെ തടഞ്ഞ് വെക്കുകയും,മോഷണക്കുറ്റം ചുമത്തി ജയിലില്‍ അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പോലീസില്‍ പരാതി നല്കി.
സംഭവം പുറത്തറിഞ്ഞതോടെ പോലീസ് യുവതിയെ സ്റ്റേഷനിലെത്തിച്ചു.മൊഴി രേഖപ്പെടുത്തുന്നതിനിടയില്‍ യുവതി പോലീസ് സ്റ്റേഷനില്‍ തളര്‍ന്ന് വീഴുകയായിരുന്നു.തുടര്‍ന്ന് യുവതിയെ നാദാപുരം ഗവ ആുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടയില്‍ ഒരു സംഘം നാട്ടുകാരെത്തി സൂപ്പര്‍മാര്‍ക്കറ്റ് പൂട്ടിച്ചു.നാദാപുരം സി ഐ എന്‍.സുനില്‍കുമാര്‍,എസ് ഐ എന്‍.പ്രജീഷ് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.ഇതിനിടെ ആറ് മണിയോടെ കല്ലാച്ചിയിലെ റൂബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റും നാട്ടുകാര്‍ പൂട്ടിച്ചു.
വിവരമറിഞ്ഞ് വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി.റോഡില്‍ കൂടി നിന്നവരോട് പിരിഞ്ഞ് പോവാന്‍ ആവശ്യപ്പെടുന്നതിനിടയില്‍ നാദാപുരം ജൂനിയിര്‍ എസ് ഐ യുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും പോലീസ് ലാത്തി വീശുകയുമായിരുന്നു.
സിപിഎം നേതാക്കളായ സി എച്ച്. മോഹനന്, പി.പി.ചാത്തു, സി.എച്ച്.ബാലകൃഷണന്, നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി.കുഞ്ഞികൃഷണന്‍,കെ.എം.രഘുനാഥ്,വ്യാപാരി വ്യവസായി നേതാക്കളായ ഏരത്ത് ഇക്ബാല്‍,കണേക്കല്‍ അബ്ബാസ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
റൂറൽ എസ്പി ഡോ. എ.ശ്രീനിവാസ് കല്ലാച്ചിയിൽ സന്ദർശിച്ച് പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി.സംഘർഷത്തെ തുടർന്ന് സൂപ്പർമാർക്കറ്റ് അടഞ്ഞ് കിടക്കുകയാണ് .