നാദാപുരം: നാദാപുരം ടെലിഫോണ്‍ എക്സ്ചേഞ്ച് ഓര്‍മയിലേക്ക് മായുന്നു. നാദാപുരം ടെലികോം സബ് ഡിവിഷന് കീഴിലുള്ള എക്സ്ചേഞ്ചുകളില്‍ നിന്ന് ഒറ്റ ദിവസം 15 പേര് വിആര്എസ്എടുത്ത് പടിയിറങ്ങി. ഇതില്‍ ഏഴ് പേരും നാദാപുരം ഓഫീസില്‍ നിന്ന് എക്സ്ചേഞ്ചില്‍ ഇനി അവശേഷിക്കുന്നത് ജൂണിയര്‍ ടെലികോം ഓഫിസര്‍ മാത്രം.
പ്രൗഢിയോടെ തലയുയര്‍ത്തി നിന്ന ഒരു കാലം ഉണ്ടായിരുന്നു നാദാപുരം ടെലിഫോണ്‍ സബ് ഡിവിഷന് . ഗള്‍ഫ് നാടുകളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും കച്ചവടാവശ്യത്തിനും ജോലിക്കായും ആളുകള്‍ കൂട്ടത്തോടെ പോയിരുന്ന കാലം. അന്ന് ഉറ്റവരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും സ്നേഹവും സൗഹൃദവും പങ്കുവെക്കാനും ടെലഫോണുകള്‍ അവിഭാജ്യ ഘടകം തന്നെയായിരുന്നു.
പുതിയ വീടുകളുടെ പ്രവേശം നടക്കുമ്പോള്‍ വീടുകളില്‍ ടെലിഫോണ്‍ എന്നത് ഒഴിച്ച് കൂടാത്ത വസ്തുവായി മാറി കഴിഞ്ഞിരുന്നു. കാലത്തിനൊപ്പം നാദാപുരത്തെ ടെലിഫോണ്‍ എക്സ്ചേഞ്ചും വികസനത്തിലേക്ക് കുതിച്ചു. നാദാപുരം ടെലിഫോണ്‍ സബ് ഡിവിഷന് കീഴില്‍ 13 എക്സ്ചേഞ്ചുകള്‍.
13 എക്സ്ചേഞ്ചുകളില്‍ അമ്പതിനായിരത്തോളം കണക്ഷനുകള്‍ . നാദാപുരം എക്സ്ചേഞ്ചില്‍ മാത്രം പതിനായിരത്തോളം കണക്ഷനുകള്‍ ഉണ്ടായിരുന്നു. കാലം കഴിഞ്ഞതോടെ മാറി. ഇപ്പോള്‍ നാദാപുരം ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ അവശേഷിക്കുന്നത് ബ്രോഡ് ബാന്‍ഡ് ഉള്‍പ്പെടെ 2700 ഓളം കണക്ഷനുകള്‍ മാത്രം.
അവയില്‍ തന്നെ മാസങ്ങളോളമായി തകരാറില്‍ ആയ ഫോണുകള്‍ ധാരാളം. നാദാപുരം സബ് ഡിവിഷന് കീഴില്‍ കരാര്‍ തൊഴിലാളികളായി 60 പേര് ഉണ്ടായിരുന്നെങ്കിലും പത്തുമാസത്തോളമായി ഇവര്‍ക്കൊന്നും ശമ്പളം ലഭിക്കാതായതോടെ ഇവര്‍ മറ്റു ജോലി തേടി പോവുകയും ബാക്കിയുള്ളവര്‍ സര്‍ക്കാറിന്റെ കരുണ തേടുകയാണ്.
തകരാറുകള്‍ പരിഹരിക്കാതായതോടെ ആളുകള്‍ ബിഎസ്എന്‍എല്‍ ഫോണുകള്‍ കയ്യൊഴിഞ്ഞു മറ്റു സ്വകാര്യ കമ്പനികളെ തേടിപ്പോയി. മറ്റു സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ആകര്‍ഷകമായ ഓഫാറുകള്‍ നല്കി തുടങ്ങിയതോടെ ഒരു വിഭാഗം ബിഎസ്എന്‍എല്‍ ഉപഭോക്താക്കളും മറ്റു കമ്പനികള്‍ തേടി പോയി.ഡിവിഷണല്‍ എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ഇന്ന് പടിയിറങ്ങിയത്.