നാദാപുരം : നവജാത ശിശുവിനും യുവാവിനും കോവിഡില്ല. നാട്ടുകാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ആശങ്ക ഒഴിവായി. നാദാപുരം പഞ്ചായത്തിലെ ചിയ്യൂരിലെ നവജാത ശിശുവിന്റെ മരണമാണ് ആശങ്കക്കിടയാക്കിയത്.
കഴിഞ്ഞ ദിവസമാണ് 40 ദിവസം പ്രായമായ കുഞ്ഞിന്റെ ആകസ്മിക മരണം. 14-ന് രാത്രിയിലാണ് അസുഖത്തെ തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിൽ കുട്ടിയുടെ മരണം സംഭവിച്ചു. ഡോക്ടർമാർ കുട്ടിയുടെ കുടുംബ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ അമ്മയുടെ സഹോദരൻ ഗൾഫിൽ നിന്ന് വന്നതാണെന്നും ഇദ്ദേഹം മതിയായ ജാഗ്രത പുലർത്തിയോയെന്ന സംശയം ഉയർന്നത്.
പ്രവാസി യുവാവിനെ ഐസലേഷനിലേക്ക് മാറ്റുകയും വീട്ടിലുള്ള മുഴുവൻ പേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ച് രക്തസാമ്പിൾ ശേഖരിക്കുകയും ചെയ്തു.
വീട്ടുകാരോട് ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ച കുട്ടിയുടെ മൃതദേഹം പരിശോധന ഫലം വരുന്നത് വരെ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.
ശനിയാഴ്ച്ച യുവാവിന്റെ പരിശോധന ഫലം നെഗറ്റീവാണെന്ന റിപ്പോർട്ട് വന്നതോടെ നവജാത ശിശുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.