നാദാപുരം: കല്ലാച്ചിക്കടുത്ത തെരുവൻപറന്പിൽ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി ഓഫിസിനുള്ളിൽ സ്ഫോടന കേസ് പ്രത്യേക സംഘം അന്വേഷിക്കും. നാദാപുരം ഡിവൈഎസ്പി ഇ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കല്ലാച്ചി വാണിമേൽ റോഡരികിലെ ഓഫിസിനുള്ളിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്.
സ്ഫോടന ശബ്ദം കിലോമീറ്ററുകൾ അകലെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഓഫിസിന്റെ ഉള്ളിൽവച്ച് സ്ഫോടനം നടക്കാനിടയായ സംഭവത്തിൽ ദുരൂഹത ഉയരുകയാണ്. തിങ്കളാഴ്ച്ച രാത്രി തന്നെ പോലീസും സ്ഥലത്തെത്തിയിരുന്നു. കെട്ടിടത്തിന്റെ പിൻഭാഗത്താണ് ഓഫിസിനുള്ളിലേക്ക് എത്താനുള്ള കോണിയുള്ളത്.
പുറത്തു നിന്നും ആരെങ്കിലും ഓഫിസിനുള്ളിൽ കടന്നു കൂടി സ്ഫോടനം നടത്തി സ്ഥലം വിട്ടതാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഓഫിസിനുള്ളിൽ സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
സ്ഫോടന സ്ഥലത്ത് ബോംബ് സ്ക്വാഡ് എഎസ്ഐ എം.എം. ഭാസ്കരന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച പകൽ നടത്തിയ പരിശോധനയിൽ സ്ഫോടനത്തിൽ പൊട്ടിച്ചിതറിയ പ്ലാസ്റ്റിക്ക് കണ്ടെയ്നറിന്റെയും കടലാസിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തി.
സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് വെടിമരുന്നിന്റെ അവശിഷ്ടമുള്ള തിരി കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു. റൂറൽ എസ്പി ജയദേവ്, നാദാപുരം ഡിവൈഎസ്പി. ഇ. സുനിൽ കുമാർ, സിഐ എം.ആർ. ബിജു, എസ്ഐ എൻ. പ്രജീഷ് എന്നിവർ സ്ഫോടന സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.
രണ്ടു മാസങ്ങൾക്ക് മുന്പ് തെരുവൻ പറന്പിൽ സിപിഎം പ്രവർത്തകരുടെ ടെയ്ലറിംഗ് കടയും ബേക്കറിയും അജ്ഞാതർ തീ വച്ച് നശിപ്പിച്ചിരുന്നു. പ്രതികളെ പിടികൂടാൻ ഇതുവരെ പൊലീസിനായിട്ടില്ല. ഇത് സംബന്ധിച്ചുള്ള പോലീസ് അന്വേഷണം നടന്നു വരുന്നതിനിടയിലാണ് ഇപ്പോൾ മുസ്ലിംലീഗ് റിലീഫ് കമ്മിറ്റി ഓഫിസിനുള്ളിൽ ബോംബ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.
സ്ഫോടനം നടന്ന ഓഫീസ് കെട്ടിടം അനധികൃതമായ് നിർമിച്ചതാണെന്ന് കാണിച്ച് ഈ കെട്ടിടം പൊളിച്ചുമാറ്റാനും പഞ്ചായത്ത് ഉത്തരവിട്ടിരുന്നു.