കായംകുളം: മാതാവിനെ സംരക്ഷിക്കാത്ത മക്കൾക്കെതിരേ കേസ്. വള്ളികുന്നം കടുവിനാൽ പുല്ലേലിൽ തെക്കേതിൽ ഗോവിന്ദൻ നായരുടെ ഭാര്യ കാർത്തിക കുട്ടിയമ്മ(80)യെ സംരക്ഷിക്കുന്നില്ലെന്ന പരാതിയിലാണ് ഇവരുടെ മക്കളായ സുരേന്ദ്രൻനായർ, ഉഷ, തുളസീധരൻ നായർ, പ്രഭാകരൻനായർ, ഗോപിനാഥൻ നായർ എന്നിവർക്കെതിരെ വള്ളികുന്നം പോലീസ് കേസെടുത്തത്.
കഴിഞ്ഞ പത്തു മാസമായി വീട്ടിൽ കയറ്റുകയോ, ഭക്ഷണമോ, സംരക്ഷണമോ, പരിചരണമോ നൽകിയിരുന്നില്ലെന്നാണ് പരാതി. നാട്ടുകാരുടെ മൊഴിയും പോലീസ് ശേഖരിച്ചിട്ടുണ്ട്.
മക്കൾക്കെതിരെ നിയമ നടപടി എടുക്കുമെന്ന് കരുതി നാളിതുവരെ മാതാവ് പോലീസിൽ പരാതി നൽകിയിരുന്നില്ല. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് പരാതി നൽകിയത്. കർശന നടപടി സ്വീകരിക്കുമെന്ന് വള്ളികുന്നം സിഐ ഗോപകുമാർ പറഞ്ഞു.