നടവയൽ: നടവയലിലേയും പരിസര പ്രദേശങ്ങളിലേയും വീട്ടമ്മമാർ ഇനി കോഴിയും കോഴിമുട്ടയും മാർക്കറ്റിൽ നിന്നും വാങ്ങില്ല. പകരം വീട്ടിൽ തന്നെ കോഴികളെ വളർത്തി സ്വന്തമായി ജൈവ മുട്ട ഉൽപാദിപ്പിക്കും. എല്ലാവർക്കും തൊഴിൽ എല്ലാവർക്കും വരുമാനം എന്നമുദ്രാവാക്യവുമായി ശ്രേയസ് പൂതാടി യൂണിറ്റിൽ കോഴിയും കോഴിക്കൂടും പദ്ധതിയിൽ വീട്ടമ്മമാർ അണിനിരക്കുന്നു. ശ്രേയസ് പൂതാടി യൂണിറ്റിലെ നൂറോളം കുടുംബങ്ങളാണ് പദ്ധതിയിൽ അംഗങ്ങളായിരിക്കുന്നത്.
ഒരു കുടുംബത്തിന് 30 കോഴികളേയും കൂടുമാണ് നൽകിയിരിക്കുന്നത്. എല്ലാ ചെലവുകളും അടക്കം പതിനാലായിരത്തോളം രൂപ ചെലവഴിച്ചാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. വീട്ടമ്മമാർക്ക് സ്വയം തൊഴിലും വരുമാനവും ഉറപ്പാക്കി ജൈവ മുട്ടയാണ് ഉൽപാദിപ്പിക്കുക. മുട്ടകൾ സംഭരിച്ച് ഇത് വിപണനം നടത്തുവാനും ശ്രേയസ് പദ്ധതികൾ ആവിഷ്ക്കരിച്ചു കഴിഞ്ഞു. മുട്ടക്കോഴി ഇനത്തിൽപ്പെട്ട ഗ്രാമപ്രിയ കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. കോഴികളെ വീട്ടിൽ തന്നെ വളർത്തി ഉപജീവന മാർഗം തേടാൻ സഹായകരമായ പദ്ധതി വൻവിജയകരമായിരുന്നു.
നടവയൽ ചിറ്റാലൂർക്കുന്നിലെ ശ്രേയസ് അംഗങ്ങളാണ് കോഴിയും കൂടും പദ്ധതിയിൽ സ്വയം തൊഴിലായി കോഴി വളർത്തൽ ആരംഭിച്ചത്. 45 മുതൽ 60 ദിവസം വരെ പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളാണ് വിതരണം ചെയ്തത്. കുടുംബത്തിൽ എല്ലാവർക്കും തൊഴിൽ എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിന് പദ്ധതി ഉപകാരപ്പെടുമെന്ന് ശ്രേയസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഷാൻസണ് പറഞ്ഞു.
തീറ്റയും മരുന്നുകളും കോഴിവളർത്തലിൽ വിദഗ്ധ പരിശീലനവും കർഷകർക്ക് നൽകുന്നുണ്ട്. വീട്ടാവശ്യം കഴിഞ്ഞ് ബാക്കി വരുന്ന മുട്ടകൾ വീട്ടമ്മമാരിൽ നിന്നും സംഭരിക്കുന്നതിനും പദ്ധതിയുണ്ട്. നടവയൽ ചിറ്റാലൂർക്കുന്നിൽ സംഘടിപ്പിച്ച കോഴിയും കോഴിക്കൂടും പദ്ധതി വാർഡംഗം മേരി ഐമനചിറ ഉദ്ഘാടനം ചെയ്തു. ശ്രേയസ് വനിതാ കോ ഓർഡിനേറ്റർ ബിനി തോമസ്, മേഴ്സി ദേവസ്യ, ഷിജി ഷിബു, സിജു പരുവുമ്മേൽ തുടങ്ങിയവർ പ്രസംഗിച്ചു.