ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച സ്ത്രീ മരിച്ചെന്നായിരുന്നു ആദ്യ അറിയിപ്പ്.
ഇതനുസരിച്ച് ബന്ധുക്കൾ സംസ്കാര കർമങ്ങൾക്കായി ഒരുക്കങ്ങൾ നടത്തി, പിന്നീട് രോഗി അത്യാസന്ന നിലയിലെന്നും മരിച്ചിട്ടില്ലെന്നും തിരുത്തി അറിയിപ്പ്.
നാലു ദിവസമായി കോവിഡ് ബാധിച്ചു തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ 68 വയസുക്കാരി മരിച്ചുവെന്ന് ഞായറാഴ്ച രാത്രി ആശുപത്രിയിൽ നിന്ന് അറിയിപ്പുകിട്ടിയത്.
കോവിഡ് മരണമായതിനാൽ ബന്ധുക്കൾ ടാസ്ക് ഫോഴ്സ് ടീമിനെ സംസ്കാര കർമങ്ങൾ നടത്താൻ ഏല്‍പ്പിക്കുകയും സംസ്കാര സമയം നിശ്ചയിക്കുകയും ചെയ്തു.
ഫ്ലക്സ് അടിക്കുന്ന കടകൾ തുറന്ന് ഫ്ലക്സ് അടിക്കുകയും കവലകളിൽ ഫ്ളെക്സ് സ്ഥാപിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ അനുശോചന കുറിപ്പുകളും വന്നു.
എന്നാൽ പിന്നീട് ഉച്ചയോടെ മൃതദേഹം കൊണ്ടവരുവാൻ ഇരിങ്ങാലക്കുടയിൽ നിന്നും പോകുവാൻ ഇറങ്ങിയപ്പോഴാണു ആശുപത്രിയിൽ നിന്നും തിരുത്തി അറിയിപ്പ് കിട്ടുന്നത്.
മരിച്ചത് വെളപ്പായ സ്വദേശിയായ മറ്റൊരു സ്ത്രീയാണെന്ന്. രണ്ടുപേരുടെ പേരുകൾ ഒരുപോലെയായതിനാലാണ് ആശയക്കുഴപ്പം ഉണ്ടായത്.
ഇരിങ്ങാലക്കുട സ്വദേശിയുടെ നില ഗുരുതരമായി തന്നെയാണു തുടരുന്നത്. വിവരം അറിഞ്ഞ ബന്ധുക്കൾ ഉടനെത്തന്നെ നഗരത്തിൽ പലയിടത്തായി സ്ഥാപിച്ച മരണയറിയിപ്പുള്ള ഫ്ലക്സുകൾ നീക്കം ചെയ്തു.
ആശുപത്രികളിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ വ്യക്തികളുടെ മുഖം കാണാൻ ബന്ധുക്കൾക്ക് അവസരം ഇല്ലാത്തതാണ് ഇത്തരം അബന്ധങ്ങൾ ഉണ്ടാകാൻ കാരണം.