അന്പലപ്പുഴ: സ്കൂളുകളുടെ ചുമരുകളിൽ നടേശന്റെ കൈയിലെ ബ്രഷ് പതിയുന്പോൾ കുട്ടികളുടെ കളിത്തോഴന്മാരായ പക്ഷിമൃഗാദികൾ അടക്കമുള്ള ജീവനുള്ള ചിത്രങ്ങൾ കുരുന്നുകളെ നോക്കി പുഞ്ചിരിക്കുന്നു. സ്കൂൾ പ്രവേശനത്തിനായി അമ്മമാരുടെ വിരൽ തുന്പിൽ തൂങ്ങി ചിണുങ്ങി എത്തുന്ന കുരുന്നുകൾ പലപ്പോഴും മന്ദസ്മിതം തൂകി ക്ലാസ് മുറികളിൽ പ്രവേശിക്കുന്നത് ഈ ചിത്രങ്ങളുടെ കരുത്തിലാണ്.
30 വർഷമായി ജലച്ചായചിത്രങ്ങൾ വരയ്ക്കുന്ന ആലപ്പുഴ നോർത്ത് ആര്യാട് തണൽ വീട്ടിൽ നടേശന് നാളിതുവരെ യാതൊരംഗീകാരവും ലഭിച്ചിട്ടില്ല. കർണാടക, തമിഴ്നാട് അടക്കം ഇന്ത്യയുടെ പല ഭാഗത്തും ഈ കലാകാരൻ ചിത്രരചന നടത്തിയിട്ടുണ്ട്. സ്കൂൾ ചുമരുകൾ ഒറ്റയ്ക്ക് പെയിന്റടിച്ച് ആരും സഹായത്തിനില്ലാതെയാണ് വർണചിത്രങ്ങൾ ഒരുക്കുന്നത്.
പുഴകൾ, മലകൾ, ആകാശം, മഴയുടെ സൗന്ദര്യം, പഴവർഗങ്ങൾ, പുരാണ കഥാപാത്രങ്ങൾ, വികൃതി കുരങ്ങൻ, തുടങ്ങിയ ചിത്രങ്ങളെല്ലാം കാഴ്ചക്കാരുടെ മനം കുളിർപ്പിക്കുന്നതാണ്. മാസങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന കയർമേളയിൽ ചിത്രം വരയ്ക്കാൻ അവസരം കിട്ടാതിരുന്നതിന്റെ മനോവിഷമം ഇപ്പോഴും നടേശനെ വിട്ടുമാറിയിട്ടില്ല. ഭാര്യയും മൂന്നു കുട്ടികളുമടങ്ങിയ കുടുംബം വാടക വീട്ടിലാണ് കഴിയുന്നത്.
രോഗിയായ മാതാപിതാക്കളും നടശനൊപ്പമാണ് കഴിയുന്നത്. ഫ്ളക്സ് ബോർഡുകളുടെ വരവോടെ ചിത്രകലാകാരന്മാർ ഭൂരിഭാഗവും തൊഴിൽ രഹിതരായെങ്കിലും നടേശനെ പോലുള്ളവർ പിടിച്ചു നിൽക്കുന്നത് വരയുടെ മികവുകൊണ്ടുമാത്രമാണ്.