മുംബൈ: ടാക്സിയിൽ വീട്ടിലേക്ക് പോകുമ്പോൾ ഊബർ ഡ്രൈവർ തന്നോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ചലച്ചിത്ര നടിയും സംവിധായികയുമായ മാനവ നായിക് ആരോപിച്ചു.
മറാത്തി, ഹിന്ദി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള താരം ശനിയാഴ്ച വൈകീട്ട് നടന്ന സംഭവത്തെക്കുറിച്ച് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തെ സിറ്റി പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്നും മുംബൈ ജോയിന്റ് പൊലീസ് കമ്മീഷണർ വിശ്വാസ് നംഗ്രെ പാട്ടീൽ മറുപടി നൽകി.
മാനവ പറയുന്നതനുസരിച്ച്, വീട്ടിലേക്ക് പോകാൻ ബാന്ദ്ര കുർള കോംപ്ലക്സിൽ നിന്ന് രാത്രി 8.15നാണ് വണ്ടി വിളിച്ചത്. അവർ വണ്ടിയിൽ ഇരിക്കുമ്പോൾ, ഡ്രൈവർ ഫോണിൽ സംസാരിക്കാൻ തുടങ്ങി.
ഡ്രൈവിംഗിനിടെ ഫോൺ ചെയ്യുന്നതിൽ മാനവ എതിർപ്പ് പ്രകടിപ്പിച്ചു. ഡ്രൈവർ പല തവണ ട്രാഫിക് നിയമങ്ങൾ ലംഘിച്ചു.
ഇടയ്ക്ക് ഒരു ട്രാഫിക് പൊലീസുകാരൻ വണ്ടി നിർത്തിച്ച് ഫോട്ടോയെടുക്കുകയും ചെയ്തെന്ന് മാനവ പോസ്റ്റിൽ പറയുന്നു.
ഡ്രൈവർ ട്രാഫിക് പൊലീസുകാരനോട് തർക്കം തടങ്ങി. വാഹനത്തിന്റെ ചിത്രമെടുത്തു കഴിഞ്ഞതിനാൽ പോകാൻ അനുവദിക്കണമെന്ന് ട്രാഫിക് പൊലീസുകാരനോട് നടി ആവശ്യപ്പെട്ടു.
ക്യാബ് ഡ്രൈവർ ദേഷ്യപ്പെടുകയും, 500 രൂപ പിഴ അടയ്‌ക്കുമോ എന്ന് ചോദിച്ച് ആക്രോശിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും മാനവ പറയുന്നു.
തർക്കത്തിനിടെ, നടി ഡ്രൈവറോട് വണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു, എന്നാൽ അദ്ദേഹം ബികെസിയിലെ ഇരുണ്ട സ്ഥലത്ത് വാഹനം നിർത്തി.
തുടർന്ന് ഡ്രൈവർ വാഹനം വേഗത്തിലാക്കി ചുനഭട്ടി റോഡിനും പ്രിയദർശനി പാർക്കിനും ഇടയിലുള്ള വഴിയിലേക്ക് പോയി. നടി സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ യുബർ സേഫ്റ്റി ഹെൽപ്പ് ലൈനിലേക്ക് വിളിച്ചു.
ഹെൽപ്പ് ലൈൻ എക്‌സിക്യുട്ടീവിനൊപ്പം സംസാരിച്ചുകൊണ്ടിരുന്നതിനിടെ ഡ്രൈവർ വീണ്ടും വാഹനത്തിന്റെ വേഗത കൂട്ടിയെന്നും അവർ പോസ്റ്റിൽ പറയുന്നു.
ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അത് ചെയ്തില്ലെന്നും ഫോണിൽ ആരെയോ വിളിക്കുകയാണ് ചെയ്തതെന്നും മാനവ പറയുന്നു.
താൻ ഭയന്നു, സഹായത്തിനായി നിലവിളിക്കാൻ തുടങ്ങി. മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേരും ഒരു ഓട്ടോറിക്ഷാ ഡ്രൈവറും ചേർന്ന് കാർ ഡ്രൈവറെ വളയുകയും ത്തനെ രക്ഷപ്പെടുത്തുകയുമായിരുന്നെന്നും താരം പറയുന്നു.