അതിശക്തമായി ഒഴുകിയ നദിയിൽ കുടുങ്ങിപ്പോയ കാർ യാത്രികരെ സാഹസികമായി രക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മഹാരാഷ്ടയിലെ തലോജയ്ക്കു സമീപം ഗോട്ട്ഗാവിലാണ് സംഭവം നടന്നത്. കാറിൽ കുടുങ്ങിയ ഇവർ വാഹനത്തിന്റെ മുകളിൽ കയറിയിരിക്കുകയായിരുന്നു.
സംഭവം കണ്ട് ഇവിടേക്ക് എത്തിയ പ്രദേശവാസികൾ കയർ ഉപയോഗിച്ച് യാത്രികരെ എല്ലാവരെയും സുരക്ഷിതമായി രക്ഷിക്കുകയായിരുന്നു. മുപ്പത്തിയേഴുവയസുകാരനായ അഷറഫ് ഖലിൽ ഭാര്യ ഹാമിദ ഇവരുടെ രണ്ടു കുട്ടികൾ എന്നിവരാണ് കാറിൽ കുടുങ്ങിയത്. രക്ഷാപ്രവർത്തനം അൽപ്പം കൂടി വൈകിയിരുന്നുവെങ്കിൽ ഇവർ ഒഴുകി പോകുമായിരുന്നു,
പാലത്തിൽ നിന്നിരുന്ന വാഹനം ശക്തമായ ഒഴുക്കിൽപെട്ട് നദിയിലേക്കു വീണാണ് കുടുങ്ങിപ്പോയത്. വെള്ളത്തിന്റെ അളവ് വർദ്ധിച്ചപ്പോൾ രക്ഷപ്പെടാൻ ഇവർ കാറിനു മുകളിലേക്കു കയറിയിരിക്കുകയും ചെയ്തു. സമീപമുണ്ടായിരുന്നവർ പകർത്തിയ ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.