കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസും മാധ്യമങ്ങളും തെറ്റായ കാര്യങ്ങളാണു പ്രചരിപ്പിക്കുന്നതെന്നു സംവിധായകൻ നാദിർഷ. അപവാദ പ്രചാരണങ്ങളെത്തുടർന്ന് മകളെ സമൂഹം പരിഹസിക്കുന്നു. ഇതുകാരണം മകൾ സ്കൂളിൽ പോകാൻ മടിക്കുകയാണെന്നും നാദിർഷ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
സംഭവത്തിൽ മൂന്നു മാസം അന്വേഷണം നടത്തി ആദ്യ കുറ്റപത്രം നൽകിയിരുന്നു. പിന്നീട് തന്നെയും മറ്റു പലരെയും പോലീസ് പലതവണ ചോദ്യം ചെയ്തിട്ടും തുടർന്നുള്ള ആരോപണങ്ങൾ ശരിവയ്ക്കുന്ന ഒരു തെളിവും കിട്ടിയില്ല. സുപ്രീംകോടതി നിർദേശങ്ങൾ അവഗണിച്ചാണ് കേസന്വേഷിക്കുന്നത്.
കേസ് ഡയറിയിലുള്ളതിനേക്കാൾ കൂടുതൽ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നു. പ്രതികൾക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകർ വസ്തുതകൾ തിരിച്ചറിയാതെ ഇരുട്ടിൽ തപ്പുന്ന സ്ഥിതിയാണ്. കോടതിയിൽ റിപ്പോർട്ട് നൽകാതെ നിരന്തരം പോലീസ് ക്ലബിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു.
അന്വേഷണ സംഘത്തിന്റെ നിർദേശാനുസരണം മൊഴി നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് മാധ്യമങ്ങളിലൂടെ അവഹേളിക്കുന്ന രീതി ശരിയല്ല. അന്വേഷണം എന്ന പേരിൽ കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്നു.
കേസിന്റെ വസ്തുതകൾ തന്നെ മാറ്റി താനടക്കമുള്ള നിരപരാധികളെ പീഡിപ്പിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. നാദിർഷ ജാമ്യഹർജിയിൽ പറയുന്ന കാര്യങ്ങൾ ആലുവ റൂറൽ എസ്പി എ.വി. ജോർജ് നിഷേധിച്ചു. ആരെയും പോലീസ് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നാദിർഷയെ ചോദ്യം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിനെ സന്ദർശിക്കാനായി ഇന്നലെയും സിനിമ മേഖലയിൽനിന്നുള്ള ആളുകൾ ആലുവ സബ് ജയിലിൽ എത്തി. നടൻ വിജയരാഘവൻ, നിർമാതാവ് എം. രഞ്ജിത് തുടങ്ങിയവരാണു ഇന്നലെ ദിലീപിനെ കണ്ടത്.