കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായി നാദിര്‍ഷായെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു.
ചോദ്യംചെയ്യല്‍ മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.
അതേസമയം, ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദിലീപിന്റെ ചാറ്റേര്‍ഡ് അക്കൗണ്ടന്റിനെയും ചോദ്യംചെയ്തു.
ദിലീപിലെ വീണ്ടും ചോദ്യംചെയ്യും
പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് പ്രതികളില്‍ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം ലഭിക്കുന്നതോടെയാണിത്.
കേസില്‍ ദിലീപിന്റെ സഹോദരന് അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനൂപ് ഹാജരാകാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ച് തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ടു പരിശോധനയ്ക്ക് ഹാജരാക്കിയ അനൂപിന്റെ ഒരു ഫോണിന്റെ ഫലം അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിലെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍. ദിലീപിന്റെയും സഹോദരീ ഭര്‍ത്താവ് സുരാജിന്റെയും ഫോണുകളുടെ പരിശോധനാഫലം വൈകാതെ ലഭിക്കും. ഇതനുസരിച്ച് ഇരുവരെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും.
ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ നിര്‍ണായകമാകുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ തെളിവ് ഇല്ലെന്ന് നേരത്തെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ ദിലീപ് അടക്കം ആറു പ്രതികളാണുള്ളത്.
ഇതില്‍ അഞ്ച് പേരെ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നേരത്തെ 33 മണിക്കൂറോളം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.