സിനിമാ പ്രമോഷനുകളുടെ കാലമാണിത്. പലവിധത്തിലുള്ള പ്രമോഷനുകളാണു നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തരംഗമായി സിനിമയ്ക്ക് ആളെ കൂട്ടുക എന്നതാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യം.
അതിനായി താരങ്ങള്‍ നേരിട്ടെത്തും. ഇതോടെ സിനിമാ മാര്‍ക്കറ്റിംഗ് അടിച്ചുകയറും. മുന്‍പു പോസ്റ്ററുകളായിരുന്നു സിനിമകളുടെ പരസ്യങ്ങള്‍ക്കായി വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നതെങ്കില്‍ ഇപ്പോഴതു മാറി.
സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചാല്‍ പിന്നെ പ്രമോഷനും തുടങ്ങുകയായി. ഓണ്‍ ലൈന്‍ ചാനല്‍ അഭിമുഖങ്ങളും ലൈവ് പോഗ്രാമുകളുമായി അങ്ങനെ പോകുന്നു.
തങ്ങള്‍ക്കിഷ്ടപ്പെട്ട താരങ്ങളെ കാണാന്‍ ഏതറ്റം വരെയും പോകുന്നവരാണ് ആരാധകര്‍. അങ്ങനെ കാത്തുനില്ക്കുന്നവര്ക്കിടയിലേക്കു നടിമാര്‍ നേരിട്ടെത്തിയാലോ…
ആരാധകര്‍ക്കിടയിലും കള്ള നാണയങ്ങള്‍ ഉണ്ടല്ലോ...അത്തരമൊരു സംഭവമാണ് രണ്ടുദിവസം മുന്‍പുണ്ടായത്. ഇന്ന് ഏറ്റവും കൂടുതല്‍ പേര് അവധി ദിവസങ്ങളിലും സായാഹ്നങ്ങളിലും ചിലവഴിക്കാന്‍ എത്തുന്നത് മാളുകളിലാണ്.
മള്‍ട്ടി പ്ലക്സുകള്‍ എത്തിയതോടെയാണ് ഈ ഒരു മാറ്റം. ഇത്തരം കേന്ദ്രങ്ങളില്‍ പ്രമോഷനെത്തുന്ന നടീ നടന്മാരെ എങ്ങിനെ സുരക്ഷിതരാക്കും.
ആവേശം അതിരുകടന്നാലോ.. കഴിഞ്ഞ ദിവസം കോഴിക്കോട് ഹൈലൈറ്റ് മാളിലുണ്ടായ അതിക്രമം അതിനും ഒരു പടി കൂടി കടന്ന് സ്ത്രീത്വത്തെ അപമാനിക്കുന്നതിലേക്ക് എത്തി… മാളിലെ ആവേശത്തിന് ഇനി അഴിയെണ്ണാം…
നടിമാരെ കണ്ടാല്‍ ഇളകുന്ന ‘ആരാധകര്‍’
സംഭവം ഇങ്ങനെ.. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ സാറ്റര്‍ഡേ നൈറ്റ്സ് എന്ന സിനിമയുടെ പ്രമോഷനു വേണ്ടിയാണ് രണ്ട് യുവനടിമാര്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം കോഴിക്കോട് പാലാഴി ജംഗ്ഷനിലെ ഹൈലൈറ്റ് മാളില്‍ എത്തിയത്.
രാത്രിയായിരുന്നു പ്രമോഷന് പരിപാടി. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വളരെ ആക്ടീവും ശ്രദ്ധേയരുമായ രണ്ടു നടിമാര്‍ മാളിലെത്തുന്നു എന്നറിഞ്ഞതോടെ എത്തിയതു വലിയ ജനക്കൂട്ടം.
ഇവര്‍ക്കൊപ്പം മാളില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി എത്തുന്നവരും കൂടിയാകുമ്പോഴോ… പറഞ്ഞറിയിക്കാന്‍ കഴിയാത്ത തിരക്കാണ് ഉണ്ടാകുക.
യുവനടിമാരടങ്ങിയസംഘം ഹൈലൈറ്റ് മാളില്‍ നിന്നു പരിപാടി കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി മടങ്ങാന്‍ ശ്രമിക്കവേ മാളിനുള്ളില്‍ വച്ചാണ് അതിക്രമം നടന്നത്. ആള്‍ക്കൂട്ടത്തിനടയില്‍ വച്ചു നടിയെ അക്രമി കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഞെട്ടിച്ച ചെകിട്ടത്തടി, പ്രതികരിക്കാന്കഴിയാത്ത വിഷമത്തില്‍ മറ്റൊരാള്‍
തന്നെ കയറി പിടിച്ചയാളുടെ ചെകിട്ടത്തടിച്ചുകൊണ്ടാണ് യുവനടി പ്രതികരിച്ചത്. സാമാന്യം നല്ല അടിതന്നെയായിരുന്നു അത്. ആള്ക്കൂട്ടത്തിനിടയിലായതുകൊണ്ട് നൈസായി മുങ്ങാമെന്നായിരിക്കാം വിരുതന് കരുതിയത്.
പക്ഷേ കവിളില്‍ പൊന്നീച്ച പറന്നു. ഇതിനിടയില്‍ കൂടുതല്‍ പേര് ലൈംഗികചുവയോടെ നടിക്കെതിരേ എത്തിയതോടെ ഒപ്പമുണ്ടായിരുന്നുവര്‍ നടിയെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.
അതിക്രമത്തിന് ഇരയായ ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ യുവനടി സമൂഹമാധ്യമത്തില്‍ ദുരനുഭവം പങ്കുവച്ചതോടെയാണു വിഷയം പുറത്തറിഞ്ഞത്.
മാളിലെ പ്രമോഷന് പരിപാടി കഴിഞ്ഞു മടങ്ങുന്നതിനിടെ തനിക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിക്കും നേരെ ലൈംഗിക അതിക്രമം നടന്നുവെന്നാണ് യുവനടി സാമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞത്.
ഇതോടെ സംഭവം വൈറലായി. നടപടിയും തുടങ്ങി. കഴിഞ്ഞ കുറച്ചു ദിവസമായി പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടീനടന്മാര് അടങ്ങിയ സംഘം കേരളത്തിലെ വിവിധ മാളുകളിലും കോളജുകളിലും സന്ദര്‍ശനം നടത്തി വരികയായിരുന്നു.എന്നാല്‍ ഇവിടെ മാത്രമാണ് ‘കയറിപ്പിടിത്തം’ ഉണ്ടായത്.
‘അസുഖക്കാരനെ’ ഓര്‍ത്ത് നാണം തോന്നുന്നെന്ന് നടി
യുവനടിയുടെ വൈറലായ ഫേസ് ബുക്ക് പോസ്റ്റ് കണ്ടാണ് സിനിമാ പ്രേമികള്‍ രാവിലെ ഞെട്ടിയുണര്‍ന്നത്. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളില്‍ പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന അനുഭവം ആണെന്ന് നടി ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു.
ഇവിടെ എന്നു പറയാന്‍ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍? പ്രമോഷന്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി.
അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവമായിരുന്നു ഉണ്ടായത്. എന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി.
അവര്‍ അതിനു പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി.
ആ മരവിപ്പില്‍ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്…. തീര്‍ന്നോ നിന്റെയൊക്കെ അസുഖം…
അക്രമിയെ തിരിച്ചറിയാന്‍ അന്വേഷണം
മാളില്‍ പരിപാടിക്കെത്തിയ യുവനടിമാര്ക്കെതിരേ ലൈഗികാതിക്രമക്രമമുണ്ടായ സംഭവത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. ന
ടിമാരുടെ മൊഴിയും രേഖപ്പെടുത്തി. രണ്ടുപേരാണ് അതിക്രമത്തിനു പിന്നിലെന്നാണ് നടിമാര്‍ അറിയിച്ചത്.സംഭവം നടന്നശേഷം നാട്ടിലേക്കു പോയ രണ്ടുപേരെയും എറണാകുളത്തും കണ്ണൂരിലും എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ജീവനക്കാരില്‍ നിന്നുള്‍പ്പെടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.ഫറോക്ക് എസിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടങ്ങിയെന്നും ഡിസിപി വ്യക്തമാക്കി.
നിര്‍മാതാക്കളില്‍ നിന്നു കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സിസി ടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും.
പ്രമോഷന് മാത്രം മതിയോ, സുരക്ഷ വേണ്ടേ?
നടിമാര്‍ ഒരു വലിയ ക്രൗഡിനു മുന്നിലേക്ക് ഇറങ്ങുമ്പോള്‍ ആവശ്യത്തിനു സുരക്ഷവേണ്ടേ എന്ന ചോദ്യമാണ് കോഴിക്കോട്ടെ സംഭവം ഉയര്‍ത്തുന്നത്.
ഒരു വര്‍ഷം മുന്‍പ് മലയാളത്തിലെ മറ്റൊരു യുവനടിക്ക് കൊച്ചിയിലെ മാളില്‍ വച്ച് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നു.
നടി ഇക്കാര്യം ഇന്‍സ്റ്റാഗ്രം പോസ്റ്റിലൂടെ പരസ്യപ്പെടുത്തി. പിന്നാലെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയും അതിക്രമം നടത്തിയ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം നിയന്ത്രിക്കാനാകാത്ത ജനക്കൂട്ടം ഉണ്ടാകുമ്പോള്പോലീസിനെ വിവിരമറിയിക്കുക എന്ന പ്രാഥമിക കടമ മാള്‍ അധികൃതരും ആവശ്യമായ സുരക്ഷ ഒരുക്കുക എന്നത് സിനിമയുടെ അണിയറക്കാരും ചെയ്യേണ്ടതാണെന്ന വാദമാണ് ഉയരുന്നത്.
തല്ലുമാല എന്ന സിനിമയുടെ പ്രമോഷനിടെ ജനക്കൂട്ടം കണ്ട് യുവനടന് പ്രമോഷന് ഒഴിവാക്കി പോയ സംഭവവും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.